thrissur local

മുണ്ടൂര്‍ പുറ്റേക്കര റോഡ് വികസനം; അടിയന്തര നടപടി വേണമെന്ന് വികസന സമിതി

തൃശൂര്‍: തൃശൂര്‍-കുന്നംകുളം സംസ്ഥാന പാതയില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുളള ഭാഗം വീതി കൂട്ടി നവീകരിക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പാതയില്‍ പൂഴയ്ക്കല്‍ മുതല്‍ മൂണ്ടൂര്‍ വരെയും പൂറ്റേക്കര മുതല്‍ കൈപ്പറമ്പ് വരെയുമുളള ഭാഗം നവീകരിച്ച് നാല് വരി പാതയാക്കിയിട്ടുളളതാണ്. എന്നാല്‍ ഇടയിലുളള മുണ്ടൂര്‍ -പുറ്റേക്കര ഭാഗം വീതി വളരെ കുറഞ്ഞതിനാല്‍ ഈ ഭാഗത്ത് വലിയ തോതില്‍ വാഹനാപകടങ്ങളുണ്ടാകുന്നുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ പ്രതിനിധി സി വി കുര്യാക്കോസ് പറഞ്ഞു. റോഡ് വികസനത്തിനാവശ്യമായ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നുമാണ് പ്രമേയം ആവശ്യപ്പെട്ടിട്ടുളളത്.
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പടവരാട് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് 4-ജി മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.പി. വിന്‍സന്റ് എം.എല്‍.എ. യാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഏകദേശം 400 കുടുംബങ്ങളും ബധിര മൂക വിദ്യാലയവും പളളിയും ഹോസ്റ്റലുമെല്ലാം സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം മറ്റേതെങ്കിലും സ്ഥലത്തേക്ക് ടവര്‍ മാറ്റാന്‍ നടപടി വേണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുളളത്.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക് അനുവദിച്ച പദ്ധതി തുക വിന്‍വലിക്കുന്നതിന് ട്രഷറിയില്‍ അസാധാരണമായ തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നത് സംബന്ധിച്ച് കെ അജിത്കുമാര്‍ ഉന്നയിച്ച പരാതിയില്‍ അനേ്വഷിച്ച് വേണ്ട നടപടിയെടുക്കാന്‍ ഫൈനാന്‍സ് ഓഫിസറെ ജില്ലാ കലക്ടര്‍ വി രതീശന്‍ ചുമതലപ്പെടുത്തി. കുന്നംകുളം-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ അമിത വേഗത്തില്‍ പായുന്നതും സ്റ്റോപ്പുകളില്‍ നിര്‍ത്താത്തതും സംബന്ധിച്ച പ്രശ്‌നത്തില്‍ പരിശോധന ശക്തമാക്കാനും കര്‍ശന നടപടിയെടുക്കാനും ജില്ലാ കലക്ടര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ എല്ലാ വകുപ്പ് മേധവികളോടും ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ യു ഗീത വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it