Alappuzha local

മുണ്ടന്‍കാവില്‍ ഡിവൈഡറും ട്രാഫിക് ഐലന്‍ഡും വരുന്നു

ചെങ്ങന്നൂര്‍: അപകട സാധ്യതാ മേഖലയെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലിസും കണ്ടെത്തിയതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ മുണ്ടന്‍ കാവ് കലവയില്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോവാന്‍ സൗകര്യപ്രദമായി ഡിവൈഡറും ട്രാഫിക് ഐലന്റും നിര്‍മ്മിക്കുന്നു. പുതിയതായി പണികഴിപ്പിച്ച ഇറപ്പുഴ പാലത്തിനോട് ചേര്‍ന്നാണ് ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്നത്. മുമ്പ് ഇടുങ്ങിയ കുപ്പിക്കഴുത്ത് പാലം ഉണ്ടായിരുന്ന സമയത്ത് പാലത്തിന്റെ ഇരു വശങ്ങളിലും പോലിസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. വീതി കൂടിയ പാലം പൂര്‍ത്തിയായതോടെ പോലിസിനെ പിന്‍വലിക്കുകയും വാഹനങ്ങള്‍ ഈ ഭാഗത്ത് അമിത വേഗത്തില്‍ ഓടുകയും അപകടങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുകയുണ്ടായി. ഇതോടെയാണ് എംസി റോഡിലെ മുണ്ടന്‍കാവ് കവലയിലെ അപകടമൊഴിവാക്കാന്‍ പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിര്‍ദേശമനുസരിച്ച്  കെഎസ്ടിപി നടപടി സ്വീകരിച്ചത്. ട്രാഫിക് ഡിവൈഡര്‍, ഐലന്‍ഡ് എന്നിവയാണ് കവലയില്‍ സ്ഥാപിക്കുന്നത്. ഇറപ്പുഴയില്‍ പുത്തന്‍പാലം വന്നതോടെ വാഹനങ്ങളുടെ വേഗത കൂടുകയും വീതിയേറിയ കവല മുറിച്ചു കടക്കാ ന്‍ കാല്‍നടക്കാരടക്കം ഏറെ കഷ്ടപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. കവലയില്‍ അപകടങ്ങളും പതിവായിരുന്നു. പ്രായമായ കാല്‍നടക്കാരാണ് റോഡ് മുറിച്ചു കടക്കാന്‍ ഏറെയും കഷ്ടമനുഭവിച്ചിരുന്നത്. സൈക്കിള്‍ യാത്രക്കാരുടേയും സ്ഥിതി വളരെ കഷ്ടത്തിലാണ്. മാത്രമല്ല  കവലകളില്‍ നിന്ന് ഇടറോഡുകളിലേക്ക് തിരിയേണ്ട വാഹന യാത്രക്കാരും ആശയക്കുഴപ്പത്തില്‍ ആകുന്നുണ്ട്.  പാതയ്ക്ക് വീതി കൂട്ടിയപ്പോള്‍ തന്നെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പക്ഷേ, അനൂകൂല നിലപാട് ഉണ്ടായിട്ടില്ല. ഭീതിയോടെ മാത്രമേ കവലകളില്‍ റോഡ് മുറിച്ചു കടക്കാന്‍ സാധിക്കൂ. വയോധികരും സ്‌കൂള്‍ കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വിഷയം താലൂക്ക് സഭയിലടക്കം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായി. അപകടമൊഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ടിപി അധികൃതരോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് നടപടി വേഗത്തിലാക്കാന്‍ തീരുമാനമായത്.
Next Story

RELATED STORIES

Share it