Kottayam Local

മുട്ടപ്പള്ളി സബ് സെന്റര്‍ ഇനി പ്രാഥമികാരോഗ്യ കേന്ദ്രമാവും



മുക്കൂട്ടുതറ: കിഴക്കന്‍ മലയോര മേഖലയില്‍ ഇനി ഡോക്ടറുള്‍പ്പടെ സേവനത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മന്ത്രി അനുമതി നല്‍കി. മുട്ടപ്പള്ളിയിലാണ് പ്രാഥമിക ചികില്‍സാ കേന്ദ്രം ആരംഭിക്കുന്നത്. മുട്ടപ്പള്ളിയിലെ കുടുംബ ക്ഷേമ ഉപകേന്ദ്രമാണ് സര്‍ക്കാര്‍ ആശുപത്രിയായി ഉയര്‍ത്താന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് കുടുംബ ക്ഷേമ ഉപകേന്ദ്രം. ഈ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി സേവനമാരംഭിക്കും. പുതിയ കെട്ടിടം 50 ലക്ഷം രൂപ ചെലവിട്ട് ഉടന്‍ നിര്‍മിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ആരോഗ്യ വകുപ്പിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അറിയിച്ചു. മുട്ടപ്പള്ളിയില്‍ 55 സെന്റ് സ്ഥലത്താണ് സബ് സെന്റര്‍.പ്രാഥമികാരോഗ്യ കേന്ദ്രമായി മാറുന്നതോടെ മുഴുവന്‍ സമയവും ഒരു ഡോക്ടറുടെ സേവനമുണ്ടാവും. ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി എത്തുന്നത് ഒഴിച്ചാല്‍ കേന്ദ്രത്തിന്റെ സേവനം നിലച്ച നിലയിലാണ്. മുട്ടപ്പള്ളി, 40 ഏക്കര്‍ ഉള്‍പ്പടെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളും പിന്നോക്ക കുടുംബങ്ങളും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ആതുര സേവനത്തിന് എരുമേലിയിലെ സര്‍ക്കാര്‍ ആശുപത്രിയാണ് ആശ്രയം. ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ കണ്ട് നിവേദനം നല്‍കി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ അനുമതി ലഭിച്ചതെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. ഏരിയാ കമ്മിറ്റിയംഗം കെ സി ജോര്‍ജുകുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് അംഗം പി കെ അബ്ദുല്‍കരീം, ലോക്കല്‍ സെക്രട്ടറി എം വി ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it