Idukki local

മുട്ടത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു

തൊടുപുഴ: മുട്ടം ടൗണിലെ ഗതാഗതക്കുരുക്ക് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. കഴിഞ്ഞ ഓരാഴ്ചക്കിടയില്‍ നാലോളം അപകടങ്ങളാണ് ഇവിടെ നടന്നത്. പോലിസ് പരിശോധനയും കര്‍ശനമായ ട്രാഫിക് പരിഷ്‌കാരങ്ങളുമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. അപകടത്തെ തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്‍ താക്കോലൂരിയെടുത്തത് പോലിസ് സ്‌റ്റേ്ഷനില്‍ കഴിഞ്ഞ ദിവസം നാട്ടുകാരും-പോലിസും തമ്മില്‍ സംഘര്‍ഷത്തിനു കാരണമായി.
നിരവധി വിദ്യാര്‍ഥികള്‍ ദിവസേന സഞ്ചരിക്കുന്ന ഇവിടെ ആകെയുള്ളത് ഒരു സീബ്രാലൈന്‍ മാത്രമാണ്. കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഫുട്പാത്തുകളില്ല. ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വഴിയോരക്കച്ചവക്കാരും ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ ഇടുങ്ങിയ റോഡിലാണ്.മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കണമെന്ന നാളുകളായുള്ള ആവശ്യവും നടപ്പാകുന്നില്ല. ബസ് സ്‌റ്റോപ്പുകളുടെ ക്രമീകരണത്തിലും അപാകതകള്‍ ഏറെയാണ്.
റോഡില്‍ തന്നെ നിര്‍ത്തി ആളുകളെ കയറ്റുകയാണ് ബസുകളുടെ രീതി. ഏറ്റവും കൂടുതല്‍ തിരക്കുള്ള ടൗണിന് മധ്യഭാഗത്തും കോടതിജംഗ്ഷനിലെ കവലയിലുമാണ് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള ഇപ്പോഴും നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ജംഗ്ഷനില്‍ നിന്നു മാറി മികച്ച സൗകര്യങ്ങളോടെയുള്ള വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇനിയും ബസ് നിര്‍ത്താന്‍ നടപടിയുണ്ടായിട്ടില്ല.തോട്ടുങ്കര ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത രീതിയില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിട്ടുണ്ട്. തോട്ടുങ്കര പാലത്തിന് സമീപത്തെ വീതി കുറവും വന്‍ വളവുമാണ് ഇവിടെ പ്രശ്‌നം സൃഷ്ടിക്കുന്നത്. കട്ടപ്പന, മൂലമറ്റം, ഈരാറ്റുപേട്ട, പാല തുടങ്ങിയ ഭാഗങ്ങളില്‍ നിന്നെല്ലാം ബസുകളും വാഹനങ്ങളും തൊടുപുഴയ്‌ക്കെത്താന്‍ മുട്ടം ടൗണിലൂടെ സഞ്ചരിക്കുന്ന റോഡിനെയാണ് ആശ്രയിക്കുന്നത്.
ശബരിമല സീസണില്‍ എരുമേലിയിലേക്കെത്താന്‍ അയ്യപ്പഭക്തരും ഇതുവഴിയാണ് കടന്നു പോവുന്നത്.ബൈപ്പാസ് നിര്‍മാണത്തിനുള്ള പ്രാരംഭനടപടി ഏകദേശം പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ വൈകുന്നതാണ് ഗതാഗതക്കുരുക്കിനുള്ള മുഖ്യകാരണമാകുന്നത്. 20 മീറ്റര്‍ വീതയില്‍ 2100 മീറ്റര്‍ നീളമുള്ള ബൈപാസ് റോഡിനായി അലൈന്‍മെന്റ് അളന്ന് കല്ലിട്ട് തിരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്.
ബൈപാസ് തുറക്കുന്നതോടെ ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ക്ക് ടൗണിലൂടെ യാത്ര ചെയ്യാതെ തന്നെ ഈ റോഡുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുകയും ചെയ്യും.
എന്നാല്‍ ബൈപ്പാസിന് വേണ്ടി ഏറ്റെടുത്ത സ്ഥലം അനുയോജ്യമായതല്ലെന്നും ഖജനാവിന് കനത്ത നഷ്ടം വരുത്തിവയ്ക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ക്ക് പരാതിയുണ്ട്.മലങ്കരയില്‍ നിന്ന് മരുതുംവയല്‍ മാത്തപ്പാറ വഴി കാഞ്ഞാറിലേക്കെത്താന്‍ കഴിയുന്ന ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പ് നടപടിയും പൂര്‍ത്തിയായി കഴിഞ്ഞുവെങ്കിലും ഇതിന്റെയും നിര്‍മാണ ജോലികള്‍ ആരംഭിക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it