മുട്ടത്തൊടി ബാങ്കിലെ തട്ടിപ്പ്: അപ്രൈസര്‍ അറസ്റ്റില്‍

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് 3.7 കോടി രൂപ തട്ടിയ കേസില്‍ അപ്രൈസറെ വിദ്യാനഗര്‍ സിഐ പ്രമോദന്‍ അറസ്റ്റ് ചെയ്തു.
നീലേശ്വരം പേരോല്‍ സ്വദേശി സതീശനെ(37)യാണ് അറസ്റ്റ് ചെയ്തത്. നായന്മാര്‍മൂല ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയിലെ വന്ദന ജ്വല്ലറി വര്‍ക്‌സ് ഉടമയാണ് ഇയാള്‍. ഇതേ ബാങ്കിന്റെ വിദ്യാനഗര്‍ ബ്രാഞ്ചില്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ സത്യപാലാണ് അപ്രൈസര്‍. ഇദ്ദേഹത്തെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുക്കുപണ്ടം പണയംവച്ച് നായന്മാര്‍മൂല ബ്രാഞ്ചില്‍ നിന്ന് 3.7 കോടിയും വിദ്യാനഗര്‍ ബ്രാഞ്ചില്‍ നിന്ന് 40 ലക്ഷം രൂപയുമാണ് വായ്പ എടുത്തത്. സംഭവത്തില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കില്‍ കൊണ്ടുവരുന്ന സ്വര്‍ണങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന അപ്രൈസറുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ഒന്നിന് ഏഴ് ലക്ഷം രൂപയുടെ മുക്കുപണ്ടം പണയംവച്ച് ചെങ്കള സ്വദേശി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് 4.9 കോടി രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്ന വിവരം പുറത്തുവന്നത്. മുക്കുപണ്ടത്തിന് 916 ഹാള്‍മാര്‍ക്കിന്റെ വ്യാജ സീല്‍ പതിപ്പിക്കുന്നതിനും അപ്രൈസര്‍ കൂട്ടുനിന്നതായി പോലിസ് പറഞ്ഞു. 20 കിലോയോളം സ്വര്‍ണമാണ് ഇവിടെ പണയംവച്ചത്.
മുഖ്യപ്രതി ആദൂര്‍ കുണ്ടാറിലെ ഹാരിസ് സഖാഫിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഒരു കോടിയോളം രൂപയുടെ മുക്കുപണ്ടമാണ് പണയംവച്ചത്. അബ്ദുല്‍മജീദ്, ഹരീഷ്, സത്യപാല്‍, ഹാരിസ് സഖാഫി എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ബാങ്ക് മാനേജര്‍ സന്തോഷ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരുന്നുണ്ട്.
Next Story

RELATED STORIES

Share it