thiruvananthapuram local

മുട്ടത്തറ നെറ്റ് ഫാക്ടറി മല്‍സ്യതൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: ജില്ലയിലെ മുട്ടത്തറയില്‍ മല്‍സ്യഫെഡിന്റെ വല നിര്‍മാണ ഫാക്ടറി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് മല്‍സ്യബന്ധന ആവശ്യത്തിനുള്ള ഗുണമേന്മയുള്ള മല്‍സ്യബന്ധന വലകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കു—ന്നതിനായി ജില്ലയിലെ മുട്ടത്തറ വില്ലേജില്‍ ഒരു ഹെക്ടര്‍ സ്ഥലത്താണ് പ്രതിവര്‍ഷം 500 ടണ്‍ ഉല്‍പാദനശേഷിയുള്ള ഈ വലനിര്‍മാണശാല സ്ഥാപിച്ചിട്ടുള്ളത്. രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം 27 കോടി രൂപയും സംസ്ഥാന ബജറ്റ് വിഹിതമായ രണ്ടു കോടി രൂപയും മല്‍സ്യഫെഡ് വിഹിതമായ ഒരു കോടി രൂപയും ചേര്‍ത്ത് 30 കോടി രൂപയാണ് അടങ്കല്‍ തുക.
1817 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നതും ലോകത്തെ ഏറ്റവും മികച്ച വലനിര്‍മാണ യന്ത്രനിര്‍മാതാക്കളുമായ ജപ്പാനിലെ അമിത കമ്പനിയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്ത 30 വലനിര്‍മാണ യന്ത്രങ്ങളാണ് മുട്ടത്തറ ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്നത്. വലകള്‍ക്ക് ചായം കൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള യന്ത്രങ്ങളും ഇവിടെ സ്ഥാപിതമാവുന്നു.
മല്‍സ്യഫെഡിനു നിലവില്‍ കണ്ണൂര്‍, എറണാകുളം, ജില്ലകളില്‍ വലനിര്‍മാണശാലകളുണ്ട്. മുട്ടത്തറ ഫിഷ് നെറ്റ് ഫാക്ടറി കൂടിയാവുമ്പോള്‍ മൂന്നു വലനിര്‍മാണശാലകളിലെ 80 വലനിര്‍മാണ മെഷിനുകളും 16 വലസംസ്‌കരണ യന്ത്രങ്ങളുമായി മല്‍സ്യഫെഡിന്റെ വാര്‍ഷിക വല ഉല്‍പാദനശേഷി 1600 ടണ്‍ ആയി ഉയരും.
മികച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചും യന്ത്രസഹായത്താലും വിദഗ്ധരായ തൊഴിലാളികളെ നിയോഗിച്ചു മാത്രവും വലകള്‍ നിര്‍മിക്കുന്നതുവഴി മല്‍സ്യഫെഡിന് ഇടത്തട്ടുകാരുടെ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനു കഴിയുന്നതായി മല്‍സ്യഫെഡ് ചെയര്‍മാന്‍ വി ദിനകരന്‍ പറഞ്ഞു. മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി വി എസ് ശിവകുമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it