Idukki local

മുട്ടം പഞ്ചായത്ത് ഇനി എല്‍ഡിഎഫ് ഭരിക്കും ; യുഡിഎഫ് പിന്തുണച്ച പ്രസിഡന്റ് രാജിവച്ച് എല്‍ഡിഎഫില്‍



മുട്ടം: യുഡിഎഫ് പിന്തുണയോടെ മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കുട്ടിയമ്മ മൈക്കിള്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫില്‍ ചേര്‍ന്നു. എല്‍ഡിഎഫുമായി ചേര്‍ന്നു ഭരിക്കാനാണ് കുട്ടിയമ്മ മൈക്കിളിന്റെ തീരുമാനം. എല്‍ഡിഎഫ് പൂര്‍ണ പിന്തുണയും നല്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച കുട്ടിയമ്മ മൈക്കിള്‍ യുഡിഎഫ് പിന്തുണയോടെയാണ് മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായത്. 13 അംഗ ഭരണസമിതിയില്‍  യുഡിഎഫും എല്‍ഡിഎഫും ആറുവീതം സീറ്റുകള്‍ നേടിയപ്പോള്‍ സ്വതന്ത്രയായി മത്സരിച്ച കുട്ടിയമ്മ മൈക്കിള്‍  ജയിച്ചതാണ് ഭരണപ്രതിസന്ധി സൃഷ്ടിച്ചത്.യുഡിഎഫിന്റെ പിന്തുണ നേടിയ  കുട്ടിയമ്മ മൈക്കിള്‍  പ്രസിഡന്റായി. എന്നാല്‍ യുഡിഎഫിനെ ഞെട്ടിച്ചുകൊണ്ടു കുട്ടിയമ്മ മൈക്കിള്‍ രാജി വയ്ക്കുകയായിരുന്നു. ഇന്നലെ എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളുടെ കൂടെയാണ് പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്.ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എസ് തുളസീധരന്‍ പിള്ളക്കാണ് കുട്ടിയമ്മ രാജിക്കത്ത് നല്‍കിയത്.പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.കെ.മോഹനന്‍, പഞ്ചായത്ത് മെമ്പര്‍മാരായ  സതീശന്‍ പി എസ്,സുമോള്‍ ജോയിസന്‍, റിന്‍സി സുനീഷ്, ഷീല സന്തോഷ് തുടങ്ങിയ എല്‍ഡിഎഫ് അംഗങ്ങളുമാണ് കൂടെയുണ്ടായിരുന്നത്.എന്നാല്‍ എല്‍ഡിഎഫ് അംഗമായ ഔസേപ്പച്ചന്‍ ചാരക്കുന്നത്ത് മുട്ടത്തുണ്ടായിരുന്നെങ്കിലും ഇവരൊടൊപ്പം  ചേരാത്തതു എല്‍ഡിഎഫ് ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ചതിച്ചുവെന്നാണ് ഇതു സംബന്ധിച്ചു കുട്ടിയമ്മ മൈക്കിള്‍ പറയുന്നത്.വികസന പ്രവര്‍ത്തനങ്ങളില്‍  കോണ്‍ഗ്രസ്  ഒളിഞ്ഞും തെളിഞ്ഞും പാര പണിയുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിലെ നിര്‍ണായകമായ പല തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ എല്‍ഡിഎഫ് മെംബര്‍മാരുടെ പിന്തുണയാണ് കുട്ടിയമ്മയ്ക്ക് ലഭിച്ചത്. ഇക്കാരണത്താലാണ്  യുഡിഎഫ് പിന്തുണയോടെയുള്ള പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫില്‍ ചേരുന്നതെന്ന് കുട്ടിയമ്മ പറഞ്ഞു. ഒരു തരത്തിലും ഒത്തു പോകാന്‍ സാധിക്കാത്തതു കൊണ്ടുമാത്രമാണ്  രാജി വച്ചതെന്നു കുട്ടിയമ്മ മൈക്കിള്‍ പറഞ്ഞു. ഇതേ സമയം  ആരാണ് ചതിച്ചതെന്നു ജനത്തിനറിയാമെന്നു  യുഡിഎഫ് ചെയര്‍മാന്‍ അഗസ്റ്റിന്‍ കള്ളിക്കാട്ടില്‍ പറയുന്നു.200 രൂപ മുദ്രപത്രത്തില്‍എഴുതി വച്ചിട്ടും അതിനു കടലാസിന്റെ വില പോലും നല്‍കാത്തതു ആരാണ്.ഒരുതരത്തിലും യുഡിഎഫ് ഇവരെ സമര്‍ദ്ദത്തിലാക്കിയിട്ടില്ല. എന്നാല്‍  മത്സ്യവിപണന കേന്ദ്രവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനത്തിനു തടസം നിന്നതു  എല്‍ഡിഎഫിലെ ഒരു അംഗമായിരുന്നു. വിയോജന കുറിപ്പെഴുതുകയും പഞ്ചായത്ത്  കമ്മിറ്റിയില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തതു എല്‍ഡിഎഫ് അംഗമായിരുന്നു. മുട്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ കാലയളവില്‍ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മെംബറായിരുന്നു കുട്ടിയമ്മ. 2015ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  യുഡിഎഫ് സീറ്റ് നല്‍കാത്തതിനാല്‍ കുട്ടിയമ്മ ഒന്‍പതാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.1988 മുതല്‍ 1995 വരെയുള്ള ഏഴ് വര്‍ഷവും 1995 2000, 2010 2015 വരേയും മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ 2005 മുതല്‍ 2010 വരെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങനാട് ഡിവിഷന്‍ മെംബറുമായിരുന്നു കുട്ടിയമ്മ.
Next Story

RELATED STORIES

Share it