thrissur local

മുടങ്ങിയ പരീക്ഷകള്‍ വേഗത്തില്‍ നടത്താന്‍ നടപടിയായെന്ന് അധികൃതര്‍

തൃശൂര്‍: മഞ്ഞപ്പിത്തബാധ മൂലം പരീക്ഷ എഴുതാനാകാത്തവര്‍ക്കുള്ള പുനപരീക്ഷ ഉടനെ നടത്താനാവശ്യമായ ഇടപെടല്‍ നടത്തിയതായി തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജധികൃതര്‍.
കോളജിലെ കുടിവെള്ള വിതരണം സുരക്ഷിതമാക്കാനായി രണ്ടു കോടിയുടെ പുതിയ പദ്ധതികള്‍ നടപ്പിലാക്കും. നിപ ഭീതിയെ തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ നടത്തിപ്പ് താളം തെറ്റിയതാണ് പ്രതിസന്ധിയായി മാറുന്നത്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവും പ്ലേയ്‌സ്‌മെന്റും ഇതു മൂലം നഷ്ടമാകുമെന്നായിരുന്നു ആശങ്ക. എന്നാല്‍ വിഷയം യൂണിവേഴ്‌സിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതായും പരീക്ഷ അടിയന്തിരമായി നടത്താനാവശ്യമായ ക്രമീകരണമൊരുക്കിയതായും എഞ്ചിനീയറിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. വി പി മോഹന്‍ദാസ് പറഞ്ഞു.
ലക്ഷങ്ങള്‍ ചിലവഴിച്ച് കോളജിലേയും ഹോസ്റ്റലിലെയും കുടിവെള്ള സ്രോതസുകളും വിതരണ സംവിധാനങ്ങളും പുനക്രമീകരിച്ചതായും ക്ലോറിനേഷന്‍ സംവിധാനമൊരുക്കിയതായും മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. പി എസ് സോളമന്‍, കെ വി ചന്ദ്രബോസ് വ്യക്തമാക്കി.
ഹോസ്റ്റലുകളിലെ കുടിവെള്ള വിതരണം സുരക്ഷിതമാണെന്ന് ആരോഗ്യ വകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചു കഴിഞ്ഞു. മഞ്ഞപിത്ത ഭീഷണി ശാശ്വതമായി പരിഹരിക്കുന്നതിന് രണ്ടു കോടി രൂപയോളം ചിലവഴിച്ചുള്ള പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. വി പി മോഹന്‍ദാസ് വിശദമാക്കി. 90 ലക്ഷം ചിലവഴിച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 40 ലക്ഷം ചിലവില്‍ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് സംവിധാനം, സീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം, കുടിവെള്ള വിതരണ സംവിധാനം എന്നിങ്ങനെയുള്ള പദ്ധതികളാണ് പുതിയതായി സജ്ജമാക്കുക. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള വാക്‌സിനേഷന്‍, തുടര്‍ നിരീക്ഷണ, പരിശോധനാ സംവിധാനം എന്നിവയും സജ്ജമാക്കുമെന്നാണ് കോളജ് അധികൃതരുടെ നിലപാട്.
Next Story

RELATED STORIES

Share it