kasaragod local

മുടങ്ങിക്കിടക്കുന്ന കെഎസ്ടിപി റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കണം

കാസര്‍കോട്: ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന കെഎസ്ടിപി റോഡ് പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹൈവേ, കാസര്‍കോട് ടൗണ്‍ എന്നിവിടങ്ങളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണം.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കണം. ജനറല്‍ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം നടത്തും. ഉദുമ ഗവ. കോളജ് കെട്ടിട നിര്‍മാണത്തിനായി ആര്‍ക്കിടെക്ചറല്‍ പ്ലാനും സ്ട്രക്ചറല്‍ ഡ്രോയിങും ലഭ്യമായിട്ടുണ്ട്.
എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മാലോം ചടയങ്കല്ല് പ്രദേശത്ത് ക്വാറി പ്രവര്‍ത്തിക്കുന്നത് സമീപവാസികള്‍ക്ക് ഭീഷണി ആകാനിടയുണ്ട് എന്ന ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് ക്രഷര്‍ പ്രവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് യോഗം തിരുമാനിച്ചു.
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി സയന്‍സ് ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രൊപ്പോസല്‍ അയച്ചു.
സ്വയം പര്യാപ്ത എസ്‌സി കോളനികളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എഫ്‌ഐടി ആലുവയോട് ആവശ്യപ്പെട്ടു. കാറഡുക്ക-ആദൂര്‍ പാണ്ടി ഭാഗങ്ങളില്‍ കാട്ടാന ശല്യം തടയുന്നതിന് ഒമ്പത് കിലോമീറ്റര്‍ സോളാര്‍ വേലി നിര്‍മിച്ചിട്ടുണ്ട്. കൂടാതെ കാറഡുക്ക-നെയ്യംകയം ഭാഗത്ത് രണ്ട് കിലോമീറ്റര്‍ സോളാര്‍ വേലി കെട്ടുന്ന പ്രവൃത്തി ആരംഭിച്ചതായും റിപോര്‍ട്ട് ചെയ്തു. യോഗത്തില്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ ബി അബ്ദുന്നാസര്‍, ഡിഎംഒ ഡോ. എ പി ദിനേശ്കുമാര്‍, എഡിപി പി മുഹമ്മദ് നിസാര്‍, ലീഡ് ബാങ്ക് മാനേജര്‍ എന്‍ കെ അരവിന്ദാക്ഷന്‍, തഹസില്‍ദാര്‍മാരായ കെ ശശിധര ഷെട്ടി, കെ രവികുമാര്‍, കെ അംബുജാക്ഷന്‍, ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി സംസാരിച്ചു.
Next Story

RELATED STORIES

Share it