മുജാഹിദ് സമ്മേളനം: സമസ്ത റഷീദലിയോടും മുനവ്വറലിയോടും വിശദീകരണം തേടി

ചേളാരി: പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരേ സമസ്ത കടുത്ത നടപടിയിലേക്ക്. ഇന്നലെ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയ്ക്ക് വിശദീകരണം തേടും. സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം ജില്ലാ പ്രസിഡന്റുകൂടിയായ റഷീദലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ സമസ്തയുടെ വിലക്ക് ലംഘിച്ച് പങ്കെടുത്തതില്‍ അണികള്‍ കടുത്ത അമര്‍ഷത്തിലാണ്. ഇതിനെ തുടര്‍ന്നാണ് നേതൃത്വം വെട്ടിലായത്. അടുത്ത പത്താം തിയ്യതി നടക്കുന്ന യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരെ യോഗം അധികാരപ്പെടുത്തി. ജനുവരി 11ന് കൂരിയാട് നടക്കുന്ന ആദര്‍ശ കാംപയിന്‍ ഉദ്ഘാടന സമ്മേളനത്തിന് യോഗം അന്തിമ രൂപം നല്‍കി. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സമസ്ത സെക്രട്ടറി പി പി ഉമര്‍ മുസ്‌ല്യാര്‍, മുശാവറ അംഗങ്ങളായ എം എം മുഹ്‌യുദ്ദീന്‍ മൗലവി, കെ ടി ഹംസ മുസ്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം എ ഖാസിം മുസ്‌ല്യാര്‍, യു എം അബ്ദുര്‍റഹിമാന്‍ മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍റഹിമാന്‍ മുസ്‌ല്യാര്‍, പി കുഞ്ഞാണി മുസ്‌ല്യാര്‍, എ മരക്കാര്‍ മുസ്‌ല്യാര്‍, വാക്കോട് മൊയ്തീന്‍ ഫൈസി എന്നിവരും പോഷക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, പി എ ജബ്ബാര്‍ ഹാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, മാനേജര്‍ കെ മോയിന്‍കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it