മുജാഹിദ് സംഘടനയില്‍ അഭിപ്രായഭിന്നത: സി പി ഉമര്‍ സുല്ലമിയെ സ്ഥാനത്ത് നിന്നു നീക്കി

കെ  പി  ഒ  റഹ്മത്തുല്ല

മലപ്പുറം: 14 വര്‍ഷത്തിനു ശേഷം ഒന്നിച്ച കേരള നദ്‌വത്തുല്‍ മുജാഹിദീനില്‍ അഭിപ്രായഭിന്നത രൂക്ഷമായി. തലമുതിര്‍ന്ന നേതാവും പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിങ് പ്രസിഡന്റുമായ സി പി ഉമര്‍ സുല്ലമിയെയും അസിസ്റ്റന്റ് സെക്രട്ടറിയായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയെയും സ്ഥാനങ്ങളില്‍ നിന്നു നീക്കി.
മുജാഹിദ് ഐക്യത്തിനു മുമ്പ് മടവൂര്‍ വിഭാഗം പ്രസിഡന്റും അവിഭക്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമര്‍ സുല്ലമിയെ കഴിഞ്ഞ ശനിയാഴ്ച പുളിക്കലില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത കെജെയു നിര്‍വാഹക സമിതി യോഗത്തിലാണ് സ്ഥാനത്ത് നിന്നു നീക്കിയത്. രണ്ടു ഭാരവാഹികളെയും അറിയിക്കാതെ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനിയാണ് നേരിട്ട് യോഗം വിളിച്ചത്. മടവൂര്‍ വിഭാഗം നിര്‍വാഹക സമിതിയിലെ ഏഴുപേരില്‍ ഈസാ മദനിയും ജബ്ബാര്‍ സുല്ലമിയും മാത്രമാണ് യോഗത്തിനെത്തിയത്. യോഗം രണ്ടുപേരെയും നീക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ അവരെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാര്യം രണ്ടുപേരും സ്ഥിരീകരിച്ചു.
ഇതുസംബന്ധിച്ച് കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയുടെയോ ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവിയുടെയോ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടെയാണ് അഭിപ്രായഭിന്നത രൂക്ഷമായത്. സംസ്ഥാന സെക്രട്ടറി പദവി രാജിവച്ച അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കലിന്റെ നേതൃത്വത്തില്‍ പഴയ മര്‍ക്കസുദ്ദഅ്‌വാ വിഭാഗം പുനര്‍ജീവിപ്പിച്ച് സമാന്തര പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളല്ലാത്ത നേതാക്കളെല്ലാം ഈ വിഭാഗത്തോടൊപ്പം പരസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പോഷക സംഘടനകളായ ഐഎസ്എം, എംജിഎം, എംഎസ്എം എന്നിവ മര്‍ക്കസുദ്ദഅ്‌വയ്‌ക്കൊപ്പമാണ്. ഈ സംഘടനയിലെ ഓരോ ഭാരവാഹികള്‍ മാത്രമാണ് കെഎന്‍എമ്മിനോടൊപ്പമുള്ളത്.
അതേസമയം, പാലക്കാട് കരുണാ മെഡിക്കല്‍ കോളജ് ട്രസ്റ്റ് പ്രസിഡന്റായ കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവിയെ ഈ കോളജിനെതിരേ സുപ്രിംകോടതി വിധി ഉണ്ടായ പശ്ചാത്തലത്തില്‍ സ്ഥാനത്ത് നിന്നു നീക്കണമെന്നു സി പി ഉമര്‍ സുല്ലമി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ വി കെ സകരിയ്യയും ദുബയിലെ പ്രമുഖ വ്യവസായിയായ എ പി അബ്ദുസ്സമദും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. സി പി ഉമര്‍ സുല്ലമിക്കു പകരം പരപ്പനങ്ങാടിയിലെ മുഹിയുദ്ദീന്‍ മദനിയാണ് കെജെയുവിന്റെ വര്‍ക്കിങ് പ്രസിഡന്റ്. നിലവില്‍ വൈസ് പ്രസിഡന്റായ അദ്ദേഹം മുമ്പ് ഔദ്യോഗിക വിഭാഗത്തിലായിരുന്നു.
Next Story

RELATED STORIES

Share it