മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ഫയലുകള്‍

മധ്യമാര്‍ഗം - പരമു
ഹരജികളും വ്യവഹാര രേഖകളും കോടതികളില്‍ ഫയല്‍ ചെയ്യുമ്പോള്‍ വൃത്തിയായി തുന്നിക്കെട്ടി കൊടുക്കണം. വക്കീല്‍ ഓഫിസുകളിലും ഗുമസ്തന്റെ സഞ്ചികളിലും കോടതി മുറികളിലും ഇതിനായി നൂലും സൂചിയും വച്ചിട്ടുണ്ടാവും. കടലാസുകള്‍ പിന്‍ ചെയ്‌തോ സ്റ്റാപ്ലര്‍ അടിച്ചോ കൊടുത്താല്‍ കോടതി അത് നിരസിക്കും. ആധുനിക യുഗത്തിലും ഇങ്ങനെ തുന്നിക്കെട്ടലോ എന്നു ചിലരെങ്കിലും ആശ്ചര്യപ്പെടുന്നുണ്ടാവും. ഇതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ചില്ലറ കേസുകളില്‍ ഇടപെട്ടുവരുന്ന പരമു ഉത്തരം കണ്ടുപിടിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരാണ് നമ്മുടെ നിയമവ്യവസ്ഥയും കോടതികളും ഉണ്ടാക്കിയത്. അക്കാലത്ത് പിന്നും സ്റ്റാപ്ലറും കണ്ടുപിടിച്ചിട്ടില്ല. ബ്രിട്ടിഷുകാര്‍ പോയിട്ടും ആ നിയമങ്ങളും ശീലങ്ങളുമൊക്കെ ഇന്നും ഇവിടെ നിലനില്‍ക്കുന്നതിനാല്‍ നൂലും സൂചിയും തുന്നിക്കെട്ടലും തുടരുന്നു. നമ്മുടെ കോടതികളില്‍ ഇതുപോലെയുള്ള തുന്നിക്കെട്ടലുകള്‍ അനവധിയാണ്. കാലം മാറിയത് കോടതികള്‍ അറിഞ്ഞമട്ടില്ല. ഒരു ഹരജി സമര്‍പ്പിക്കുമ്പോള്‍ ഒറിജിനലും അറ്റസ്റ്റഡും ഡ്യൂപ്ലിക്കേറ്റുമായ കോപ്പികളുടെ എണ്ണം അറിയുമ്പോള്‍ തന്നെ കക്ഷികള്‍ വിഷമിക്കും.
ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ചിനു മുന്നില്‍ ഒരു ഹരജി സമര്‍പ്പിക്കുമ്പോള്‍ മൂന്നു കോപ്പി വീതം ഹാജരാക്കണം. ഡിവിഷന്‍ ബെഞ്ചാവുമ്പോള്‍ ഒരു കോപ്പി കൂടും. ഇതിനു പുറമേ എതിര്‍കക്ഷികള്‍ക്കൊക്കെ ഓരോ കോപ്പിയും വേണം. അഴിമതിക്കേസുകളില്‍ ഒരുപാട് രേഖകളുണ്ടാവും. ഫോട്ടോസ്റ്റാറ്റ് ഇനത്തില്‍ തന്നെ ഹരജിക്കാരനു നല്ലൊരു തുക ചെലവാകും. ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ ഒരു കോപ്പി പോരെ എന്ന് ഹൈക്കോടതി വരാന്തയില്‍ നില്‍ക്കുമ്പോള്‍ പരമു പലതവണ തന്നോടുതന്നെ ചോദിച്ചതാണ്. കോടതിയലക്ഷ്യമാവുന്നതിനാല്‍ മറ്റാരോടും ഈ ചോദ്യം ഉന്നയിക്കാന്‍ നിവൃത്തിയുമില്ല. ഇന്ന് ആ പ്രതിഷേധപ്രകടനങ്ങള്‍ക്കൊക്കെ പരമു പരസ്യമായി മാപ്പുപറയുകയാണ്. കോപ്പികളുടെ എണ്ണം കൂടുതലിന്റെ കാര്യത്തില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകളില്‍ രണ്ടു കൈയും കൂപ്പി നമസ്‌കരിക്കുകയാണ്. ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കേണ്ടതിന് മൂന്നു കോപ്പി എന്നുള്ളത് രണ്ടു കോപ്പി എന്നായിരുന്നുവെങ്കില്‍ സ്ഥിതി എന്താവുമായിരുന്നു?
പ്രമാദമായ അഴിമതിക്കേസിന്റെയും തുടര്‍ന്നുണ്ടായ ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെയും ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്നു കാണാതായ സംഭവത്തെ തുടര്‍ന്നാണ് ബ്രിട്ടിഷ് വ്യവസ്ഥകളെക്കുറിച്ചു ചിന്തിച്ചുപോയത്. പാലക്കാട്ടെ മലബാര്‍ സിമന്റ്‌സിലെ അഴിമതിയെപ്പറ്റിയുള്ള ഫയലുകളും രേഖകളുമാണ് നീതിപീഠകാര്യാലയത്തില്‍ നിന്ന് അപ്രത്യക്ഷമായത്. 54 പേജ് വരുന്ന 20 രേഖകളാണു കാണാതായത്. പ്രവേശനത്തിനു കര്‍ശന നിയന്ത്രണമുള്ള ഫയലിങ് വിഭാഗത്തില്‍ നിന്നാണ് ഫയലുകള്‍ നഷ്ടപ്പെട്ടതെന്നതു ശ്രദ്ധേയമാണ്. രണ്ട് കോപ്പികളാണ് കാണാതായത്.
ഇതുകൊണ്ട് കേസുകള്‍ അട്ടിമറിക്കപ്പെടുമെന്ന് ആരും വിചാരിക്കേണ്ടതില്ല. ഹൈക്കോടതിയില്‍ ഒരു സെറ്റ് ബാക്കി കിടക്കുന്നുണ്ടാവും. ഈ ഫയലുകള്‍ കാണാമറയത്ത് അകപ്പെട്ടതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്നു വ്യക്തമാണ്. മാസങ്ങള്‍ക്കു മുമ്പ് ആദ്യ സെറ്റ് കാണാതായി. തുടര്‍ന്ന് ഫലപ്രദമായ അന്വേഷണങ്ങളൊന്നും നടത്താതെ സാധാരണ മട്ടില്‍ കോടതിയില്‍ തന്നെയുള്ള രണ്ടാം സെറ്റ് കൊണ്ടുവരാന്‍ ന്യായാധിപന്‍മാര്‍ ഉത്തരവിടുകയായിരുന്നു. രണ്ടാം സെറ്റും പോയപ്പോഴാണ് ന്യായാസനം ഉണര്‍ന്നത്. രഹസ്യ സ്വഭാവമുള്ള നിര്‍ണായകമായ ഫയലുകള്‍ പോലും സ്വാധീനമുള്ളവര്‍ക്ക് നിസ്സാരമായി അട്ടിമറിക്കാന്‍ കഴിയുന്നു എന്ന തിരിച്ചറിവുണ്ടാവാന്‍ ഇതു കാരണമായത്രേ! ഈ അവസ്ഥ ആപല്‍ക്കരമാണെന്നാണ് കേസ് പരിഗണിച്ച ജഡ്ജി അഭിപ്രായപ്പെട്ടത്. ശേഷിക്കുന്ന ഫയലുകള്‍ രജിസ്ട്രാറുടെ കൈവശം സൂക്ഷിക്കണമെന്ന് ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്. അതുകൊണ്ട് ബാക്കിയുള്ള സെറ്റ് അടുത്തൊന്നും അപ്രത്യക്ഷമാവാന്‍ സാധ്യതയില്ല.
ഹൈക്കോടതിയില്‍ നിന്ന് അഴിമതിക്കേസിന്റെ രേഖകള്‍ കാണാതായ സംഭവം പൊതുസമൂഹത്തില്‍ യാതൊരുവിധ ചലനങ്ങളും ഉണ്ടാക്കിയില്ല. പ്രതികരിക്കേണ്ടവരൊക്കെ കണ്ണടച്ചുപിടിച്ചു. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയമണ്ഡലങ്ങളിലുള്ള വമ്പന്‍ സ്വാധീനമാണ് ഇതിനു പിന്നിലെന്നത് ഏവര്‍ക്കും അറിയാവുന്നതാണ്. ഏതു മുന്നണി ഭരണം കേരളത്തില്‍ വന്നാലും മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ ആരും ശിക്ഷിക്കപ്പെടില്ല. പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് അക്ഷരംപ്രതി ശരിയാവുകയാണ്.
Next Story

RELATED STORIES

Share it