മുഗളന്മാര്‍ വര്‍ഗീയവാദികളായിരുന്നെങ്കില്‍ ഇന്ത്യ മുസ്‌ലിം രാജ്യമായേനെ: ചെന്നിത്തല

ചങ്ങനാശ്ശേരി: ഇന്ത്യ ഭരിച്ച മുഗള്‍രാജാക്കന്മാര്‍ വര്‍ഗീയ വാദികളായിരുന്നെങ്കില്‍ ഇന്ത്യ മുസ്‌ലിം രാജ്യമായേനെയെന്നും എന്നാല്‍, അവര്‍ ഇന്ത്യയിലെ ഹിന്ദുക്കളെ പരിപാലിക്കുകയും സംരക്ഷിക്കുകയും പ്രോല്‍സാഹനം നല്‍കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 139ാമത് മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പൗരന് ഏതു വസ്ത്രവും വേഷവും ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതിനെതിരേ ചില കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നത് കാണാതിരിക്കാനാവില്ല. സര്‍വധര്‍മസമഭാവന എന്ന ഇന്ത്യയുടെ ആപ്തവാക്യത്തെ മാറ്റിമറിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നമ്മുടെ മതേതരത്വത്തിനെതിരേയുള്ള ഒരു നീക്കവും അംഗീകരിക്കാനാവില്ല. ജാതി-മത ചിന്തകളുടെ പേരില്‍ കലഹമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മറുപടി മന്നത്തു പത്മനാഭന്‍ വളരെ നേരത്തേ തന്നെ നല്‍കി. കഴിഞ്ഞദിവസം സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന മതേതരത്വം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ക്ഷേത്രങ്ങളുടെ ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കാനായി ചിലര്‍ നടത്തുന്ന പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. 131 കോടി രൂപയാണ് ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയത്.
അസഹിഷ്ണുതയെയും മതസ്പര്‍ധയെയും എതിര്‍ക്കാന്‍ മന്നത്തിന്റെ ആശയങ്ങള്‍ക്കു കഴിയണം. ഹരിജന്‍ കഴിച്ച ഭക്ഷണപാത്രം അമ്മയെക്കൊണ്ടു കഴുകിച്ച വിപ്ലവകാരിയായിരുന്നു മന്നമെന്നും അദ്ദേഹത്തിനായി പ്രത്യേക സ്മാരകങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളുടെ പ്രശ്‌നങ്ങള്‍ക്കു മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it