മുഖ്യ വിവരാവകാശ കമ്മീഷണര്‍ തസ്തിക: വിന്‍സന്‍ എം പോളിന്റെ നിയമന ശുപാര്‍ശയ്ക്ക് സ്റ്റേ

കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേസ് തീര്‍പ്പാക്കുന്നതുവരെ തല്‍സ്ഥിതി തുടരാനും ഉത്തരവിട്ടു.
ചട്ടം ലംഘിച്ചാണു നിയമനത്തിനു ശുപാര്‍ശ ചെയ്തതെന്നു ചൂണ്ടിക്കാട്ടി ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ മാനേജിങ് ഡയറക്ടര്‍ സോമനാഥന്‍ പിള്ള നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. വിവരാവകാശ നിയമ കമ്മീഷണര്‍മാരുടെ യോഗ്യതയും ബന്ധപ്പെട്ട വകുപ്പും ലംഘിച്ചാണ് വിന്‍സന്‍ എം പോളിന് അനുകൂലമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് വിന്‍സന്‍ എം പോളിന്റെ പേര് ശുപാര്‍ശ ചെയ്തത്. പ്രതിപക്ഷനേതാവിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു ശുപാര്‍ശ. നാലു വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനത്തിനുള്ള വിജ്ഞാപനമാണ് ആദ്യം പുറപ്പെടുവിച്ചത്.
പിന്നീട് മുഖ്യവിവരാവകാശ കമ്മീഷണറുടെയും മറ്റൊരാളുടെയും നിയമന വിജ്ഞാപനമിറങ്ങി. ആദ്യ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങളാണു നിയമന സമിതി മുമ്പാകെ ഉണ്ടായിരുന്നത്. എന്നാല്‍, അജണ്ടയിലില്ലാത്ത മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിയമനത്തിലും സമിതി തീരുമാനമെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it