മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കല്‍: കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടോഎന്ന് കോടിയേരി

കോട്ടയം: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടോയെന്ന് കോടിയേരി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തി ല്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മറുപടി പറയണം.
ഇതാദ്യമായാണ് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയാണെന്ന് സുധീരന്‍ പറയുമോയെന്നും അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് 2006നെക്കാള്‍ മികച്ച വിജയം നേടും. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജുമായി ഇണങ്ങിയും പിണങ്ങിയും നിന്നതിന്റെ അനുഭവം പാര്‍ട്ടിക്കുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും പി സി ജോര്‍ജിന്റെ കാര്യത്തില്‍ ഇത്തവണ തീരുമാനം എടുക്കുക. പ്രതിപക്ഷ നേതാവിനെ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ല. നിരവധി കേസുകള്‍ നടത്തി പരിചയമുള്ള വ്യക്തിയാണ് വിഎസ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളുയര്‍ത്തിയാല്‍ വിഎസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വെടിക്കെട്ടുകാരനെ ചെണ്ടകൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണെന്നും കോടിയേരി പറഞ്ഞു.
പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് നോക്കിനില്‍ക്കേ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തി ല്‍ നടന്ന സംഭവം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷയുടെ മരണം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചവരെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it