മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല; യുപിയില്‍ ബിജെപിക്ക് പ്രതിസന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ ചൂണ്ടിക്കാട്ടാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ ബിജെപി പ്രതിസന്ധിയില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞയാഴ്ച നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 71 സീറ്റും ബിജെപി പിടിച്ചെങ്കിലും സംസ്ഥാനത്ത് വിശ്വാസ്യതയുള്ള പ്രതിപക്ഷമായി മാറാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. സമാജ്‌വാദി പാര്‍ട്ടി—ക്ക് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് മായാവതിയും ഉള്ളതുപോലെ മുന്നില്‍ നിര്‍ത്താവുന്ന നേതാവ് യുപിയില്‍ ബിജെപിക്കില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് യുപിയില്‍ ബിജെപിയുടെ തലയെടുപ്പുള്ള നേതാവ്. പാര്‍ട്ടിയിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ രാജ്‌നാഥിനുണ്ട്. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോവാന്‍ താല്‍പര്യമില്ലെന്നാണ് രാജ് നാഥ് അറിയിച്ചിരിക്കുന്നത്. കല്‍രാജ് മിശ്രയാണ് മറ്റൊരു മുതിര്‍ന്ന നേതാവ്. എന്നാല്‍, മുന്നില്‍ നിര്‍ത്താനുള്ള പാടവം മിശ്രയ്ക്കില്ല. വരുണ്‍ഗാന്ധി, സ്മൃതി ഇറാനി എന്നിവര്‍ പുതിയ തലമുറയിലെ നേതാക്കളായുണ്ടെങ്കിലും ഇരുവരെയും തിരഞ്ഞെടുപ്പ് നയിക്കാന്‍ വിടാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ ഗുഡ്‌ലിസ്റ്റിലുള്ള ആളല്ലാത്തത് വരുണിന് തിരിച്ചടിയാണ്. സ്മൃതി ഇറാനിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ പരിചയമില്ല. പ്രവൃത്തി പരിചയവും എല്ലാമുള്ള കല്യാണ്‍സിങ് ഉത്തര്‍പ്രദേശിലുണ്ടെങ്കിലും 83കാരനായ സിങിനെ നേതൃത്വത്തിന് വേണ്ടത്ര പിടിയില്ല.
മേല്‍ജാതിക്കാരനല്ലാത്ത ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി. ഉത്തര്‍പ്രദേശിലെ പിന്നാക്ക വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കൊണ്ടുപോവുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്. അഞ്ചു തവണ എംഎല്‍എ ആയ റൂഹേല്‍ഖണ്ഡില്‍ നിന്നുള്ള ലോധ വിഭാഗക്കാരനായ ധര്‍മപാല്‍ സിങ്, റയില്‍വേ സഹ മന്ത്രി മനോജ് സിന്‍ഹ എന്നിവരാണ് അമിത്ഷായുടെ ലിസ്റ്റില്‍ ആദ്യമുള്ള രണ്ടുപേര്‍. ഇതുസംബന്ധിച്ച് പാര്‍ട്ടിയുടെ യുപി നേതൃത്വവുമായും ആര്‍എസ്എസ് നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തി വരുകയാണ്. അതേസമയം, മുസ്‌ലിം വിരുദ്ധ പ്രസ്താവന നടത്തി വിവാദത്തിലായ ഗോരഖ്പൂര്‍ എംപി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ചില പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
യുപിയിലെ ദലിത് വോട്ടുകളിലാണ് എല്ലാ പാര്‍ട്ടികളും കണ്ണുവയ്ക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌വരെ മായാവതിക്കായിരുന്നു യുപിയില്‍ ദലിത് വോട്ടുകളുടെ കുത്തക. എന്നാല്‍, പിന്നീട് ദലിത് അടിത്തറ വികസിപ്പിക്കാന്‍ ബിഎസ്പി—ക്ക് ആയിട്ടില്ല. ഈ പഴുതിലേക്കാണ് ബിജെപി നോക്കുന്നത്.
Next Story

RELATED STORIES

Share it