മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു: സുധീരന്‍

തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സിപിഎം നേതാക്കളും പോലിസ് ഉദ്യോഗസ്ഥരും തട്ടിക്കൂട്ടിയ കള്ളക്കഥകള്‍ അതേപടി ആവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ നിലപാട് പദവിക്കു യോജിച്ചതല്ലെന്നും സുധീരന്‍ പറഞ്ഞു. ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
സഹോദരിമാരുടെ അറസ്റ്റ്, ജാമ്യം തുടങ്ങിയ എല്ലാകാര്യങ്ങളിലും സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി തന്നില്‍നിന്ന് ആരും നീതി പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. തുല്യനീതി എല്ലാവര്‍ക്കും നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേവലം വെറും വാക്കായി മാറി. തിരഞ്ഞെടുപ്പു സമയത്തും തുടര്‍ന്ന് അധികാരത്തിലെത്തിയപ്പോഴും ഇവന്റ് മാനേജ്‌മെന്റ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് പിണറായി വിജയന്‍ സംസാരിച്ചതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ തനിനിറം പ്രകടമായെന്നും സുധീരന്‍ പറഞ്ഞു.
സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലനാവുന്ന പിണറായി വിജയന്റെ സ്ത്രീസുരക്ഷയും ദലിത് സുരക്ഷയും ഇതാണോയെന്ന് വ്യക്തമാക്കണം. ഫാഷിസത്തിനെതിരായി ആഹ്വാനം ചെയ്ത സീതാറാം യെച്ചൂരി മറ്റുള്ളവരുടെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ തയ്യാറാവുമോയെന്നും സുധീരന്‍ ചോദിച്ചു.
അസഹിഷ്ണുതയുടെ ഭാഗമാണ് സര്‍ക്കാര്‍ നടത്തുന്ന കൂട്ടസ്ഥലം മാറ്റം. എന്‍ജിഒ മേഖലയില്‍ മാത്രമായി 3000ത്തോളം പേരെ സ്ഥലംമാറ്റി. ഇത് കൂടാതെ പോലിസ്, കെഎസ്എഫ്ഇ, സെക്രട്ടേറിയറ്റ് തുടങ്ങിയിടങ്ങളിലും ഇതേ സ്ഥിതിയാണ്. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം ഇതിന് മുമ്പുണ്ടായിട്ടില്ല. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അനുവര്‍ത്തിക്കുന്ന അതേ ശൈലിയാണ് കേരളത്തില്‍ പിണറായി വിജയന്‍ നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it