Flash News

മുഖ്യമന്ത്രി രാജിവയ്ക്കണം: യുഡിഎഫ്



തിരുവനന്തപുരം/പത്തനംതിട്ട/മലപ്പുറം:  ഡിജിപി സെന്‍കുമാര്‍ കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടിയേറ്റ സര്‍ക്കാരിനെതിരേ രൂക്ഷപ്രതികരണവുമായി നേതാക്ക ള്‍. കോടതി വിധി നടപ്പാക്കുന്നതില്‍ അനാസ്ഥ കാണിച്ച സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന് നിയമപരമായും ധാര്‍മികമായും തുടരാന്‍ അവകാശമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. സെന്‍കുമാര്‍ കേസില്‍ സുപ്രിംകോടതിയുടെ ഇപ്പോഴത്തെ വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും വിധി അനുസരിച്ചുള്ള കോടതി ചെലവായ 25,000 രൂപ പിണറായി വിജയന്റെ പോക്കറ്റില്‍ നിന്നെടുത്ത് അടയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോടതി ചെലവിലേക്ക് പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധിയെന്നും ചെന്നിത്തല പറഞ്ഞു. സുപ്രിംകോടതിയുടെ ആദ്യവിധി ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി വായിച്ചു നോക്കിയില്ലേയെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വിഷയം കൂടുതല്‍ വഷളാക്കാതെ നീതി നടപ്പാക്കുകയാണ് വേണ്ടതെന്നും മുനീര്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടിട്ടും അതില്‍ നിന്നും സര്‍ക്കാര്‍ യാതൊന്നും പഠിക്കുന്നില്ലെന്ന് അനൂപ് ജേക്കബ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തെ നിയമവാഴ്ചയെ അംഗീകരിക്കുന്ന ഒരു സര്‍ക്കാരിനു ചേര്‍ന്ന നടപടിയല്ല പിണറായി വിജയന്‍ സ്വീകരിച്ചതെന്ന് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. നിയമവാഴ്ചയെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ സുപ്രിംകോടതിയില്‍ നിന്നു കോടതിച്ചെലവായി 25,000 രൂപ ഒരു സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് അടപ്പിക്കേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് വിധിയെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it