മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; സഹകരണം വേണം

മുഖ്യമന്ത്രി  പിണറായി  വിജയന്‍  പ്രധാനമന്ത്രിയുമായി  കൂടിക്കാഴ്ച  നടത്തി; സഹകരണം വേണം
X
modi-pinarayi

ന്യൂഡല്‍ഹി: വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിക്കാമെന്നും സംസ്ഥാനത്തെ വിവിധ പദ്ധതികളില്‍ കേന്ദ്രത്തിന്റെ സഹകരണം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സഹകരണം അഭ്യര്‍ഥിച്ചത്. കേരളത്തിന്റെ വിവിധ പദ്ധതികള്‍ക്കു മന്ത്രിമാര്‍ സഹായം വാഗ്ദാനംചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസ്സങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഗെയില്‍ പദ്ധതിക്കായി പൈപ്പ്‌ലൈന്‍ ഇടുന്ന നടപടി പൂര്‍ത്തിയാക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനുള്ള തടസ്സങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചചെയ്തു പരിഹരിക്കും. അതിവേഗ റെയില്‍പ്പാത സ്ഥാപിക്കുന്നതിനും കേന്ദ്രസഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തെ സമ്പൂര്‍ണ ശുചിമുറികളുള്ള സംസ്ഥാനമാക്കുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. രണ്ടുലക്ഷത്തോളം പേര്‍ക്കായിരിക്കും ഇനി ശൗച്യാലയങ്ങള്‍ പണിയേണ്ടിവരിക. ഇതു വൈകാതെ നടപ്പാക്കും. കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതിനു നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കും. കേരളത്തില്‍ എല്ലായിടത്തും കണക്റ്റിവിറ്റിയുണ്ട്. ഇവിടെ വൈഫൈ സ്ഥാപിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. എല്ലാ ഗ്രാമീണര്‍ക്കും ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന വിധത്തിലാവും ഇത്. റോഡ് നിര്‍മാണത്തിനും പ്രതിരോധമേഖലയിലെ റോഡ് നിര്‍മാണത്തിനും ഉപയോഗിച്ചാല്‍ റബറിന്റെ ആവശ്യകത ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. റബറിന് താങ്ങുവില നിശ്ചയിക്കണമെന്നും റബര്‍ സംഭരണത്തിനു കേന്ദ്രവും കേരളവും ചേര്‍ന്നു സംയുക്ത സംവിധാനം ആരംഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആയുര്‍വേദത്തിന്റെ സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയപ്പോള്‍, കേരളത്തില്‍ ഈ മേഖലയില്‍ ഗവേഷണസൗകര്യത്തോടെയുള്ള വിപുലമായ സ്ഥാപനം ആരംഭിക്കുന്ന കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. പണമാണു കേരളത്തിന്റെ പ്രശ്‌നമെന്നു പറഞ്ഞപ്പോള്‍ സാമ്പത്തികം കാര്യമാക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ചര്‍ച്ചചെയ്തു.  കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തടസ്സമില്ലെന്നും കേന്ദ്രത്തെ സ്വന്തം വീടായി കാണാമെന്നും നരേന്ദ്രമോദി  പറഞ്ഞതായി പിണറായി വ്യക്തമാക്കി.
Next Story

RELATED STORIES

Share it