മുഖ്യമന്ത്രി ഏഴുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

ചെന്നൈ: ഹെല്‍മറ്റ് വേട്ടയ്ക്കിടെ പോലിസിന്റെ തൊഴിയേറ്റു മരിച്ച യുവതിയുടെ കുടുംബത്തിന് സഹായധനമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഏഴുലക്ഷം രൂപ പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭര്‍ത്താവായ ധര്‍മരാജിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് പോലിസിന്റെ ക്രൂരതയ്ക്കിരയായത്. തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പാപനാശം സ്വദേശികളായ ഇരുവരും സുഹൃത്തിന്റെ വിവാഹനിശ്ചയത്തിനു വേണ്ടി തിരുച്ചിറപ്പള്ളിയിലേക്ക് വരുമ്പോള്‍ പോലിസ് കൈകാണിക്കുകയും അല്‍പ്പം മാറി വണ്ടിനിര്‍ത്തിയ ധര്‍മരാജിന്റെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന്, ബൈക്കിന്റെ ചാവി ഊരിമാറ്റി. ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടും 100 രൂപ വേണമെന്നു പോലിസ് ആവശ്യപ്പെട്ടു. രേഖകള്‍ ഉള്ളപ്പോള്‍ പണം നല്‍കാനാവില്ലെന്നറിയിച്ചതോടെ താക്കോല്‍ നല്‍കി പോവാനനുവദിച്ചെങ്കിലും ഇന്‍സ്‌പെക്ടറായ കാമരാജന്‍ ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്നു. പോലിസ് പിറകെ വരുന്നത് കണ്ട ധര്‍മരാജ വണ്ടിയുടെ വേഗത കൂട്ടി. എന്നാല്‍, പിന്നാലെയെത്തിയ കാമരാജന്‍ ബൈക്ക് ചവിട്ടിവീഴ്ത്തുകയായിരുന്നു.
ഗര്‍ഭിണിയായ ഉഷ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാജയ്ക്ക് ഗുരുതര പരിക്കേറ്റു. വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കാമരാജിനെ സര്‍വീസില്‍ നിന്നു പുറത്താക്കി. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ധര്‍മരാജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായമായി നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it