മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലീഡര്‍ സ്മരണയ്ക്കു കൂപ്പുകൈ എന്ന മുഖപ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേ പരോക്ഷ വിമര്‍ശനമുള്ളത്.
കണ്ണില്ലാതായാല്‍ അറിയാം കണ്ണിന്റെ കാഴ്ച എന്നത് പഴമൊഴിയാണ്. കെ കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനം ഇത്തരമൊരു പഴമൊഴിയുടെ പൊരുള്‍ വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാണ് മുഖപ്രസംഗത്തിന്റെ തുടക്കം. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും യുഡിഎഫ് രാഷ്ട്രീയത്തിലും കരുണാകരന്റെ അഭാവം സൃഷ്ടിച്ച ശൂന്യത വല്ലാതെ അനുഭവപ്പെടുന്ന കാലാവസ്ഥയാണ് ഇന്നുള്ളത്. കരുണാകരന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് പറയുകയോ ആത്മഗതം കൊള്ളുകയോ ചെയ്യാത്ത ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടാവില്ല. രാഷ്ട്രീയ ന്യൂനമര്‍ദങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അനുകൂലമായ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ അഴിച്ചുവിടാനും പ്രതികൂലമായ പേമാരികളെ പിടിച്ചു കെട്ടാനുമുള്ള അസാമാന്യമായ പാടവമായിരുന്നു കരുണാകരന്റെ കരുത്തും കാന്തിയും. 1967ല്‍ കൈവിരല്‍ എണ്ണമായ ഒമ്പതില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസ്സിനെ 70ലെ തിരഞ്ഞെടുപ്പില്‍ 32 സീറ്റുകളോടെ വിജയക്കൊടുമുടിയിലെത്തിച്ചത് കരുണാകരന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സിനെ പെരുവഴിയില്‍ കെട്ടിയ ചെണ്ട പോലെ കൊട്ടാന്‍ ആരെയും കരുണാകരന്‍ അനുവദിച്ചിട്ടില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
സകല മതനേതാക്കളുമായും സര്‍വ സമുദായ നേതാക്കളുമായുമുള്ള കരുണാകരന്റെ ആത്മബന്ധം സുദൃഢമായിരുന്നു. ഒരു സമുദായത്തിന് പരിഗണന ഇതരസമുദായത്തിന് അവഗണന എന്ന വിവേചനം കരുണാകരന്റെ വാക്കിലും പ്രവൃത്തിയിലുമുണ്ടായിരുന്നില്ല. അരക്ഷിതത്വവും ആവലാതികളുമില്ലാതെ എല്ലാ സമുദായങ്ങളേയും തൃപ്തരാക്കിയ കരുണാകരന്റെ ബന്ധം ചുമലില്‍ തട്ടിയ സൗഹാര്‍ദ്ദമായിരുന്നു. കാലില്‍ തൊട്ടുള്ള വിധേയത്വമായിരുന്നില്ല. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് പോലും ഭരണഘടനാവിധേയമായ ലക്ഷ്മണരേഖ ചാടിക്കടക്കാന്‍ സാധിക്കുമായിരുന്നില്ല. തലയുള്ളപ്പോള്‍ വാലാടുന്ന രീതി കരുണാകരന്‍ വച്ചു പൊറുപ്പിച്ചിരുന്നില്ല.
രാഷ്ട്രീയ പ്രതിയോഗികളുടെ കൂടോത്രങ്ങളേയും അക്രമങ്ങളേയും ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി. പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തി പിടഞ്ഞു വീണിട്ടും അസാമാന്യ മെയ്‌വഴക്കത്തോടെ എഴുന്നേറ്റു നിന്ന് പോരാടിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it