Districts

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 72ാം പിറന്നാള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 72ാം പിറന്നാള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍ തന്നെയാവും മുഖ്യമന്ത്രിയുടെ ഈ പിറന്നാള്‍ദിനം. പതിവുപോലെ ഇത്തവണയും കാര്യമായ ആഘോഷങ്ങളൊന്നുമുണ്ടാവില്ല.
ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കെ എല്ലാ ജില്ലകളിലും ഓടിയെത്താനുള്ള തിരക്കിലാണു മുഖ്യമന്ത്രി. ഇന്നും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഈ പിറന്നാളിനും മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയിലായിരിക്കും.
പ്രസ് സെക്രട്ടറി പി ടി ചാക്കോയുടെ മാതാവിന്റെ സംസ്‌കാരച്ചടങ്ങിലും മുഖ്യമന്ത്രി ഇന്നു പങ്കെടുക്കും. 14 ജില്ലകളിലും പര്യടനം നടത്തുന്ന ഉമ്മന്‍ചാണ്ടി ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പ്രചാരണത്തിലാണു മുഖ്യമന്ത്രി ഇപ്പോള്‍.
1943 ഒക്ടോബര്‍ 31ന് കോട്ടയത്തെ കുമരകത്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ കെഎസ്‌യു പ്രവര്‍ത്തകനായിട്ടായിരുന്നു രാഷ്ട്രീയരംഗത്തെ അരങ്ങേറ്റം. 1970ല്‍ അപ്രതീക്ഷിതമായി നിയമസഭയിലേക്കു മല്‍സരിക്കാന്‍ അവസരം ലഭിച്ചു. അന്ന് സിപിഎമ്മിലെ ഇ എം ജോര്‍ജിനെ പരാജയപ്പെടുത്തി 27ാം വയസ്സിലാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ കാലെടുത്തുവച്ചത്.
കഴിഞ്ഞ 44 വര്‍ഷമായി പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. എത്ര തിരക്കുണ്ടായാലും ഉമ്മന്‍ചാണ്ടിയുടെ ഞായറാഴ്ച ദിവസം പുതുപ്പള്ളിക്കാര്‍ക്കുള്ളതാണ്. അപൂര്‍വമായി മാത്രമേ ഈ പതിവിന് മാറ്റംവരാറുള്ളൂ.
Next Story

RELATED STORIES

Share it