malappuram local

മുഖ്യമന്ത്രി അനുവദിച്ച ചികില്‍സാ ഫണ്ട് ലഭിക്കുന്നില്ല; ഓഫിസുകള്‍ കയറിയിറങ്ങി കരീം

തിരൂരങ്ങാടി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ഉത്തരവായ ചികില്‍സാ ധനസഹായ ഫണ്ട് ഒരുവര്‍ഷത്തോളമായിട്ടും കിട്ടിയില്ലെന്ന് പരാതി. ചെമ്മാട് സ്വദേശി എം അബ്ദുല്‍കരീമാണ് പരാതിയുമായി ഓഫിസുകള്‍തോറും കയറിയിറങ്ങുന്നത്. കഴിഞ്ഞ 2015 ഏപ്രിലിലണ് മുഖ്യമന്ത്രിയുടെ 'കരുതല്‍' ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ചികില്‍സാ ധനസഹായ ഫണ്ടിന് ഓണ്‍ലൈന്‍വഴി അപേക്ഷിച്ചത്. അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള ഡോക്കറ്റ് നമ്പരും (എംപിഎഫ്എം 208349) ലഭിച്ചു. സ്‌ക്രീനിങ് കമ്മിറ്റി അപേക്ഷ പരിഗണിക്കുകയും അടുത്തുള്ള അക്ഷയ സെന്ററില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്ക് രണ്ടുദിവസത്തിനകം തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും വില്ലേജ് ഓഫിസില്‍നിന്നു കത്ത് മുഖേന അറിയിക്കുകയും ചെയ്തു.
പക്ഷേ, കാത്തിരുന്നിട്ടും തുക അക്കൗണ്ടില്‍ വന്നില്ല. ഇതേതുടര്‍ന്ന് അപേക്ഷകന്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഓണത്തോടെ ലഭിക്കുമെന്നായിരുന്നു മറുപടി. ലഭിക്കാതെ വന്നപ്പോള്‍ ഓണത്തിനുശേഷം വീണ്ടുംവിളിച്ചു. സ്റ്റാറ്റസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ആധാര്‍കാര്‍ഡ് സൈറ്റില്‍ കയറാത്തതാണ് കാരണമെന്നും, അതിനായി മലപ്പുറം കലക്ടര്‍ ഓഫിസുമായി ബന്ധപ്പെട്ട് അവിടെനിന്നു തുക കൈപ്പറ്റാമെന്നുമായിരുന്നു വിശദീകരണം. ഇതനുസരിച്ച് മലപ്പുറം കലക്ടറുടെ ഓഫിസില്‍പോയി അന്വേഷിച്ചെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‌ശേഷം ലഭിക്കുമെന്നായിരുന്നു മറുപടി. വീണ്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ തിരൂരങ്ങാടി താലൂക്ക് ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അവിടെ അന്വേഷിച്ചെങ്കിലും തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും പരാതിയുണ്ടെങ്കില്‍ കലക്ടറുമായി ബന്ധപ്പെടാനും അവര്‍ അറിയിച്ചു. വിവരാവകാശപ്രകാരം മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍, തുക അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കലക്ടറേറ്റില്‍ നിന്നും, സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്താന്‍ ഡിആര്‍എഫിനെ ചുമതലപ്പെടുത്തിയതായി അറിയിച്ചുകൊണ്ടുള്ള മറുപടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിച്ചു. പിന്നീട് അപേക്ഷയുടെ പകര്‍പ്പ് കലക്ടറേറ്റിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് ൈകമാറിയതായും ഇവിടെ അന്വേഷിച്ചപ്പോള്‍ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ഓഫിസില്‍ നിന്നു അറിയിക്കുകയും ചെയ്തു. എന്നാല്‍, തുകയുടെ കാര്യത്തില്‍ യാതൊരു തീര്‍പ്പുമായില്ല. അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നുപറയപ്പെടുന്ന തുക എവിടെ എന്ന ചോദ്യവുമായി കാത്തിരിപ്പിലാണ് അബ്ദുല്‍കരീം.
Next Story

RELATED STORIES

Share it