Articles

മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
എന്തിനാണ് കണ്ണൂരില്‍ ശുഹൈബ് എന്ന 28കാരനെ കാല്‍മുട്ടിനു താഴെ 37 വെട്ടുകള്‍ ഏല്‍പിച്ച് കൊല്ലിച്ചത്? കേരളത്തിന്റെ മനസ്സാക്ഷി ഉയര്‍ത്തുന്ന ഈ ചോദ്യം നിസ്സഹായനായി പിടഞ്ഞുമരിച്ച ആ യുവാവിന്റെ കൊലയാളികളോട് ചോദിച്ചിട്ടു കാര്യമില്ല. വാടകക്കൊലയാളികളെന്ന നിലയ്‌ക്കോ പാര്‍ട്ടി ക്രിമിനലുകളെന്ന നിലയ്‌ക്കോ ഏല്‍പിച്ച ദൗത്യം കിറുകൃത്യതയോടെ അവര്‍ നിറവേറ്റിയെന്നേയുള്ളൂ.
ശുഹൈബിന്റെ ജീവനെടുക്കേണ്ടത് കണ്ണൂരിലെ സിപിഎമ്മിന്റെ ആവശ്യമായിരുന്നു എന്നതിന്റെ പശ്ചാത്തല തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.  കണ്ണൂര്‍ ജയിലില്‍ വച്ച് ആദ്യ ശ്രമം നടന്നതിന്റെയും ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ എന്നപോലെ ശുഹൈബിന്റെ ജീവനെടുക്കുന്ന ദൗത്യം പൂര്‍ത്തിയാക്കിയതിന്റെയും.
ശുഹൈബിനെ കൊല്ലിച്ചത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയേണ്ടത് മൗനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ തട്ടകം കൂടിയായ കണ്ണൂരിലെ പാര്‍ട്ടിയുടെ നേതാവും ശുഹൈബിന്റേതടക്കം സംസ്ഥാനത്തെ ഏതൊരു പൗരന്റെയും ജീവന്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ ചുമതലയുള്ള മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. മുന്നറിയിപ്പുണ്ടായിട്ടും കൊല തടയാനോ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ കഴിയാത്ത പോലിസിനെ ഭരിക്കുന്ന മുഖ്യമന്ത്രിയാണ്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കണ്ണൂരില്‍ മാത്രം നടക്കുന്ന പത്താമത്തെ രാഷ്ട്രീയ കൊലപാതകമാണ് ശുഹൈബിന്റേത്. മനസ്സാക്ഷിയുള്ളവരെയാകെ ഞെട്ടിച്ച ഈ കൃത്യം ചെയ്യിച്ചത് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പാര്‍ട്ടിക്കാരാണ് എന്നത് ബോധ്യപ്പെട്ട സ്ഥിതിക്ക്, പാര്‍ട്ടിയെയും പോലിസിനെയും നയിക്കുന്ന പിണറായി വിജയനല്ലാതെ കൊല നടത്തിയതെന്തിന് എന്ന് ആധികാരികമായി പറയാന്‍ മറ്റാര്‍ക്കും കഴിയില്ല.
യമന്റെ വാഹനമായി കണ്ണൂരില്‍ വെളുത്ത കാര്‍ ഉപയോഗിക്കുന്നത് സിപിഎമ്മിന്റെ കൊലപാതക ശൈലിയാണെന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി തന്നെ അംഗീകരിച്ചതാണ്. ശുഹൈബിനെ വധിക്കാന്‍ വെളുത്ത വാഗണ്‍ആര്‍ കാറിലാണ് മുഖംമൂടിയണിഞ്ഞു നാലംഗസംഘം ചെന്നത്. ശുഹൈബിന്റെ കാല്‍മുട്ടിനു താഴെ 37 വെട്ടുകള്‍. തടുത്ത കൈപ്പത്തികളില്‍ നാലു വെട്ടുകള്‍. മൊത്തം 41 വെട്ടുകള്‍. ഈ ഒറ്റ അക്ക കൊലവാള്‍ വെട്ടുകള്‍ക്ക് കണ്ണൂരിന്റേതായ സിപിഎം ട്രേഡ്മാര്‍ക്കും ഗ്രേഡുമുണ്ട്.
മരണത്തിന്റെ വഴിയിലേക്ക് ടി പി ചന്ദ്രശേഖരനെ ടെലിഫോണ്‍ വഴി നയിച്ചതുപോലെ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മുന്നറിയിപ്പു നല്‍കിയാണ് ശുഹൈബിന്റെ മേല്‍ മരണഭീകരര്‍ ചാടിവീണത്. ടി പി വധത്തിലെ ഇന്നോവ കാറില്‍ കള്ള നമ്പര്‍പ്ലേറ്റായിരുന്നെങ്കില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ ബോര്‍ഡ് വച്ചാണ് യമകിങ്കരന്മാര്‍ എത്തിയത്. രജിസ്‌ട്രേഷന്‍ പോലും നടത്താത്ത ഒരു പുത്തന്‍ കാറില്‍. ശുഹൈബ് ചോര വാര്‍ന്നു മരിക്കുമ്പോഴേക്കും വാടകക്കൊലയാളികളെ ടി പി കേസിലെന്നോണം കണ്ടെത്താനാവാത്ത വിധം ഒളിപ്പിച്ചതും കണ്ണൂര്‍ സിപിഎമ്മിന്റെ സ്വാധീനശക്തിയും ആസൂത്രണ ശൈലിയും.
ജനുവരി 12ന് എടയന്നൂരിലെ സ്‌കൂളില്‍ കെഎസ്‌യുവിന്റെ കൊടിമരം സിപിഎം അനുഭാവികളായ ചുമട്ടുതൊഴിലാളികള്‍ തകര്‍ക്കുകയും അവിടെ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. സ്ഥലത്തെ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ശുഹൈബ് ഇടപെട്ടതു സ്വാഭാവികം. പോലിസ് ശുഹൈബിനെയും മറ്റു നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പരാതിക്കാരെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഇതിന്റെ വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പ് കൈവെള്ളയിലുള്ള മുഖ്യമന്ത്രിയോട് വിശദീകരിക്കേണ്ട കാര്യമില്ല; മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ക്കും പിണറായിക്കു തന്നെയും അനുഭവിക്കേണ്ടിവന്നത് ഇപ്പോള്‍ സിപിഎം ശൈലിയായി നാട്ടിലും ഭരണത്തിലും ജനങ്ങള്‍ അനുഭവിക്കുമ്പോള്‍.
ഒഞ്ചിയത്ത് ആര്‍എംപി ഏരിയാ കമ്മിറ്റി ഓഫിസ് കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമിച്ചപ്പോള്‍ പോലിസ് അവിടെ സ്വീകരിച്ചതും ഇതേ ശൈലി. ആര്‍എംപി പ്രവര്‍ത്തകരെ മര്‍ദിക്കുകയും അവരുടെയും അനുഭാവികളുടെയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ബോംബെറിയുകയും ചെയ്തത് പോലിസിന്റെ സാന്നിധ്യത്തില്‍.
കരിക്കിന്‍ കുല വെട്ടുംപോലെ ടി പി ചന്ദ്രശേഖരന്റെ തലയെടുക്കുമെന്നാണ് സിപിഎം നേതാക്കള്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ശുഹൈബിന്റെ കാര്യത്തില്‍ “നിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും ഞങ്ങളോട് കളിച്ചവരാരും വെള്ളം കിട്ടി മരിച്ചിട്ടില്ലെ’ന്നും മുദ്രാവാക്യം മുഴക്കിയത് സിപിഎമ്മുകാര്‍. കാണാന്‍ മുഖ്യമന്ത്രി താല്‍പര്യമെടുക്കില്ലെങ്കിലും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലിസിന്റെ പക്കലുണ്ട്. സമൂഹമാധ്യമങ്ങള്‍ അവ ജനങ്ങളെ കാണിച്ചതുമാണ്.
ശുഹൈബായാലും ടി പി ചന്ദ്രശേഖരനായാലും മറ്റാരുമായാലും തനിക്കിഷ്ടമുള്ള വിശ്വാസം പുലര്‍ത്താനും അഭിപ്രായം പ്രകടിപ്പിക്കാനും സംഘടിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശമായി ഉള്ളതാണ്. അത് നിഷേധിച്ച് തന്നെ ജയിലിലടച്ചപ്പോള്‍ സുപ്രിംകോടതി വരെ കേസ് നടത്തി തന്റെ മൗലികാവകാശവും സ്വാതന്ത്ര്യവും സംരക്ഷിച്ച് മാതൃക കാട്ടിയത് ജന്മം കൊണ്ട് കണ്ണൂരിനു ചരിത്രത്തില്‍ ഇടം നല്‍കിയ എകെജിയാണ്.  എടയന്നൂരിലെ ഒരു ശുഹൈബിനു കൂടി അവകാശപ്പെട്ട ആ സ്വാതന്ത്ര്യം എകെജിയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന സിപിഎം കൊലയാളികളെ നിയോഗിച്ചു നിഷേധിക്കുന്നതെങ്ങനെ?
ശുഹൈബ് ഗള്‍ഫ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്നത് ഏതെങ്കിലും ചെക്ക് കേസിന്റെ പേരിലായിരുന്നില്ലെന്നു വ്യക്തമാണ്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി നാട്ടില്‍ തന്നെ ജീവിച്ച് അവരെ സഹായിക്കാനായിരുന്നു മടക്കം. എടയന്നൂരിലെ വൃദ്ധയും ആലംബഹീനയുമായ ദേവിയമ്മയ്ക്ക് വീട് നിര്‍മിക്കാന്‍ കനിവു കാണിച്ചത് ശുഹൈബിന്റെ നേതൃത്വത്തിലായിരുന്നു. കൊല നടക്കുന്നതിന്റെ തലേന്നാണ് വീടിന്റെ നിര്‍മിതിക്കാവശ്യമായ സിമന്റ് ശുഹൈബ് സൗജന്യമായി എത്തിച്ചത്.
ഇപ്പോള്‍ ശുഹൈബിന്റെ ഉമ്മയ്ക്കും വീട്ടുകാര്‍ക്കുമൊപ്പം കണ്ണീരൊഴുക്കുന്നത് ദേവിയമ്മ മാത്രമല്ല, റമദാന്‍ നാളുകളില്‍ തങ്ങളുടെ വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിരുന്ന ശുഹൈബിന്റെ പുഞ്ചിരിക്കുന്ന മുഖം മറക്കാനാവാത്ത നിരവധി പാവപ്പെട്ട അമ്മമാരാണ്; തങ്ങള്‍ക്ക് സാന്ത്വനവും സഹായവുമായി ശുഹൈബിന്റെ കൈത്താങ്ങ് ലഭിച്ച രോഗികളും പാവങ്ങളുമായ രാഷ്ട്രീയ വേര്‍തിരിവില്ലാത്ത നിരവധി മനുഷ്യരാണ്.  സിപിഎമ്മിന്റെ കൊടിയും പാര്‍ട്ടിവാഴ്ചയും നിലനില്‍ക്കുന്ന പ്രദേശത്ത് കേരളത്തില്‍ ഒരാള്‍ സ്വയംസേവന സാന്ത്വന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ ഇതായിരിക്കും ഫലമെന്നാണോ ഈ കൊലപാതകത്തിന്റെ സന്ദേശമെന്ന് ക്രമസമാധാനപാലനത്തിന്റെ കസ്‌റ്റോഡിയനായ മുഖ്യമന്ത്രിയോടല്ലാതെ മറ്റാരോടാണു ചോദിക്കുക.
ചോദ്യങ്ങള്‍ അവസാനിച്ചതുകൊണ്ടോ മുഖ്യമന്ത്രിയില്‍ നിന്ന് ഉത്തരംകിട്ടുമെന്നു പ്രതീക്ഷിച്ചിട്ടോ അല്ല ഈ കത്ത് തുടരുന്നത്. കൊലപാതകരാഷ്ട്രീയം സിപിഎം അവസാനിപ്പിക്കുമെന്ന് സ്വബോധമുള്ള ഒരാള്‍ക്കും കരുതാനുമാവില്ല; ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും സംഘടനകള്‍ നുണ മാത്രമേ പറയൂ എന്ന ചരിത്രം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടികൂടി ഏറ്റെടുത്ത സ്ഥിതിയില്‍.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദൃശ്യ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ കണ്ണൂരില്‍ നിന്നുള്ള സിപിഎം പ്രതിനിധിയോട് അവതാരകന്‍ ചോദിച്ചു: “”ടിപി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തതും ഏരിയാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതും എങ്ങനെ?’’
അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സിപിഎം വക്താവിന്റെ തൊലിക്കട്ടിയുള്ള മറുപടി. അവതാരകന്‍ ചാനലിന്റെ കണ്ണൂരിലെ പ്രതിനിധിയെ വിളിച്ച് അന്വേഷിക്കുന്നു. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ അന്നും ഇന്നും പാര്‍ട്ടിയുടെ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണെന്ന് കണ്ണൂര്‍ പ്രതിനിധി സാക്ഷ്യപ്പെടുത്തുന്നു. ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ കുഞ്ഞനന്തന്‍ പങ്കെടുത്തതിന്റെ തല്‍സമയദൃശ്യങ്ങള്‍ ചാനല്‍ പ്രേക്ഷകരെ കാണിക്കുന്നു. അതേക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗംകൂടിയായ സിപിഎം വക്താവിന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്താല്‍, ഏരിയാ കമ്മിറ്റിയില്‍ അംഗമായാല്‍ എന്താണു തെറ്റ്?
സിപിഎമ്മുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രശ്‌നവും ഇതുതന്നെയാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ചുള്ള നിയമവും ചട്ടവും കോടതിവിധിയുമൊന്നുമല്ല കണ്ണൂരിലെ നിയമവാഴ്ചയുടെ അടിസ്ഥാനം. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് അപ്പപ്പോള്‍ നല്‍കുന്ന കല്‍പനകളും ന്യായീകരണങ്ങളുമാണ് അവിടെ നിയമവും നീതിയും. സിപിഎം ജനറല്‍ സെക്രട്ടറിയോ കേന്ദ്രകമ്മിറ്റിയോ പോലും എടുക്കുന്ന തീരുമാനങ്ങള്‍ കണ്ണൂര്‍ സഖാക്കള്‍ക്കു ബാധകമല്ല.
രാഷ്ട്രീയ എതിരാളികളെ വകവരുത്തുക എന്നത് സിപിഎം നയമല്ലെന്നും ടിപി വധക്കേസില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും ആവര്‍ത്തിച്ച് ഉറപ്പുനല്‍കിപ്പോന്നത് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയനും ഉള്‍പ്പെട്ട പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമായിരുന്നു. നീതിപീഠത്തിന്റെ മനസ്സാക്ഷിയെത്തന്നെ തകര്‍ത്ത, താരതമ്യമില്ലാത്ത കാടത്തമെന്നു വിശേഷിപ്പിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കോടതിവിധി ഇന്നും നിലനില്‍ക്കുകയാണ്. എന്നിട്ടും കുഞ്ഞനന്തനും മറ്റു പ്രതികളും ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നു. വിപ്ലവാഭിവാദ്യം ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രി പിണറായി നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര-ജയില്‍ വകുപ്പുകള്‍ കുഞ്ഞനന്തന്മാര്‍ക്ക് നിയമവ്യവസ്ഥകള്‍ ലംഘിച്ച് പരോളും ജയിലില്‍ സുഖസൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.
വാടകക്കൊലയാളികള്‍ക്കടക്കം ഈ കേസില്‍ ജയിലില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം 30,000 രൂപ മുടങ്ങാതെ കുടുംബ അലവന്‍സായി പാര്‍ട്ടി ഓഫിസില്‍നിന്ന് എത്തിക്കുന്നു. പെന്‍ഷന്‍ ലഭിക്കാതെ പൊതുമേഖലാ ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനത്ത് സിപിഎമ്മിനു വേണ്ടി രാഷ്ട്രീയക്കൊല നടത്തുന്നവര്‍ക്ക് കരുതലും സംരക്ഷണവും സുരക്ഷയും ലഭിക്കുന്നു. ഇതെല്ലാം അറിയാത്തവരാണ് തന്റെ പ്രജകള്‍ എന്ന് മുഖ്യമന്ത്രി തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്. മുഖ്യമന്ത്രി പിണറായി വിജയനെ മറ്റൊരു കാര്യം കൂടി ഓര്‍മപ്പെടുത്താനുണ്ട്. കയ്യൂര്‍ കേസില്‍ തൂക്കിലേറ്റിയ നാലുപേരില്‍ ഏറ്റവും ഇളയവനായിരുന്നു അബൂബക്കര്‍. ഇപ്പോള്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ പ്രായക്കാരന്‍. അബൂബക്കറിന്റെ വൃദ്ധയായ അമ്മയെ കാണാനും സാന്ത്വനിപ്പിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി സി ജോഷി കയ്യൂര്‍ ഗ്രാമത്തില്‍ പോയ സംഭവം പിണറായിയും ഓര്‍ക്കുന്നുണ്ടാവും. സമാധാനത്തിനും നാടിന്റെ നന്മയ്ക്കും വേണ്ടി തൂക്കുകയര്‍ ഏറ്റുവാങ്ങുന്ന അബൂബക്കറിന്റെ അമ്മയ്‌ക്കൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ എന്നും ഉണ്ടായിരിക്കുമെന്നാണ് പി സി ജോഷി നിറകണ്ണുകളോടെ ആശ്വസിപ്പിച്ചത്.
ചരിത്രത്തിന്റെ പുതിയ നാല്‍ക്കവലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയും പാരമ്പര്യവും അവകാശപ്പെടുന്ന സിപിഎം മുഖ്യമന്ത്രി, കണ്ണീരൊഴുക്കുന്ന ശുഹൈബിന്റെ ഉമ്മയ്ക്കും പിതാവിനും മുമ്പില്‍ സാന്ത്വനവുമായി എത്തിയില്ല. കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്കു പോവുന്ന ഒരു കുടുംബത്തിലെ കുഞ്ഞ് കരഞ്ഞെന്നു കേട്ട് ഓടിച്ചെന്ന മനസ്സിന്റെ ഉടമയാണ് മുഖ്യമന്ത്രിയെന്നു കേള്‍ക്കുന്നുണ്ടെങ്കിലും. ശുഹൈബിന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവാന്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്കിലെങ്കിലും കുറിക്കാന്‍ മുഖ്യമന്ത്രിക്കായില്ല. പാര്‍ട്ടി നേതാവും ജനങ്ങളുടെ മുഖ്യമന്ത്രിയും രണ്ടാണെന്ന് ഇനിയും തിരിച്ചറിയാത്ത ഒരു മുഖ്യമന്ത്രിയില്‍ നിന്ന് അത്തരം നടപടി പ്രതീക്ഷിച്ചിട്ടു കാര്യമില്ല.      ി
Next Story

RELATED STORIES

Share it