മുഖ്യമന്ത്രിയെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല

സി  കെ  ഷാനു

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റാതെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഓഖി ചുഴലിക്കാറ്റില്‍പെട്ടു നിരവധി മല്‍സ്യത്തൊഴിലാളികളെ കാണാതായ വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണ് ഒരുവിഭാഗം നാട്ടുകാരുടെ കടുത്ത പ്രതിഷേധമുണ്ടായത്. ഇന്നലെ വൈകീട്ട് ആറോടെയാണു മുഖ്യമന്ത്രി വിഴിഞ്ഞം തീരത്തെത്തിയത്. തുടര്‍ന്ന്, മരിച്ചവരുടെ ബന്ധുക്കളെ കാണുന്നതിന് അദ്ദേഹം ജനങ്ങള്‍ക്കിടയിലെത്തി. വിഴിഞ്ഞത്തെ പള്ളിയില്‍ വച്ചു  ദുരന്തത്തെക്കുറിച്ച് ജനങ്ങളോട് പറയുന്നതിന് മുഖ്യമന്ത്രി  ശ്രമിച്ചെങ്കിലും ജനങ്ങള്‍ പ്രതികരിച്ചതോടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബഹളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പോലിസ് മുഖ്യമന്ത്രിയെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന്, മുഖ്യമന്ത്രി വരാന്‍ വൈകിയതെന്തേ എന്നു ചോദിച്ച് ആളുകള്‍ പാഞ്ഞടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് അടിച്ചും ആക്രോശിച്ചും അദ്ദേഹത്തെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. അഞ്ചു മിനിറ്റോളം ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മുഖ്യമന്ത്രി നിന്നു. മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പോലിസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലിസ് ഏറെ പണിപ്പെട്ട് അവസാനം മന്ത്രി ഇ ചന്ദ്രശേഖരന്റെ വാഹനത്തില്‍ കയറ്റിയാണ് മുഖ്യമന്ത്രിയെ പുറത്തെത്തിച്ചത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. വിഴിഞ്ഞം പോലിസ് സ്‌റ്റേഷനിലെത്തിയ മുഖ്യമന്ത്രി അവിടെ നിന്നാണ് ഔദ്യോഗിക വാഹനത്തില്‍ മടങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിനു പേര്‍ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. അതേസമയം, പിണറായി വിജയന്‍ എത്തുന്നതിനു മുമ്പ് നാലു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ എത്തിച്ചതും ജനരോഷം വര്‍ധിക്കാനിടയാക്കി. പ്രതിഷേധമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു പൂന്തുറയിലേക്കുള്ള യാത്ര മുഖ്യമന്ത്രിയും മന്ത്രിമാരും റദ്ദാക്കി. നേരത്തേ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it