മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടതായി വിവരം

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടിയില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടതായി സൂചന. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായി കേരളത്തിലെത്തുന്ന പരിപാടി പൂര്‍ണമായും മോദി ഷോ ആക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം.
പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചത് മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. എന്നാല്‍, എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി വരുന്നതെന്നാണ് ഇപ്പോള്‍ സംഘാടകര്‍ വിശദീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരം ഇത് ഔദ്യോഗിക ചടങ്ങാകും. ഇത് മുന്നില്‍ കണ്ട് എസ്എന്‍ഡിപിയുടെ ക്ഷണമായി സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ കൊല്ലത്തെ പരിപാടി അനൗദ്യോഗിക പരിപാടിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് പ്രോട്ടോകോള്‍ പ്രകാരം മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയ ലിസ്റ്റാണ് ഡല്‍ഹിയിലേക്ക് അയച്ചിരുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കാന്‍ ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫിസും ഇടപെട്ട് പരിപാടി അനൗദ്യോഗിക ചടങ്ങാക്കി മാറ്റിയെന്നാണ് ആരോപണം.
അതേസമയം, പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരു സംസ്ഥാനത്ത് ആദ്യമായി എത്തുമ്പോള്‍ സ്വകാര്യ ചടങ്ങാണെങ്കില്‍ പോലും ഔദ്യോഗികമായി കണക്കാക്കണമെന്നാണ് പ്രോട്ടോകോള്‍.
Next Story

RELATED STORIES

Share it