മുഖ്യമന്ത്രിയെയും ആര്യാടനെയും പ്രതിചേര്‍ക്കണമെന്ന ഹരജി സ്വീകരിച്ചു

കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതിചേര്‍ത്ത് പുനരന്വേഷണം നടത്തണമെന്ന ബിജു രാധാകൃഷ്ണന്റെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നടക്കുന്ന സോളാര്‍ കേസിന്റെ വിചാരണയ്ക്കിടയിലാണ് ബിജു രാധാകൃഷ്ണന്‍ തിങ്കളാഴ്ച അഭിഭാഷകന്‍ മുഖേന പുനരന്വേഷണ ഹരജി സമര്‍പ്പിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച ജഡ്ജി ജോജി തോമസ് വിശദവാദം കേള്‍ക്കാന്‍ കേസ് 22ലേക്കുമാറ്റി.
ടീം സോളാര്‍ കമ്പനി രൂപീകരിച്ച് സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും ഡീലര്‍ഷിപ്പ് നല്‍കാമെന്നും ലാഭം പങ്കുവയ്ക്കാമെന്നും വാഗ്ദാനം നല്‍കി കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍നിന്ന് 42,70,375 രൂപ തട്ടിയെന്നാണ് കേസ്. ബിജു രാധാകൃഷ്ണനു പുറമെ സരിത എസ് നായര്‍, ഡ്രൈവര്‍ മണിലാല്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കേസിലെ രണ്ടാം പ്രതിയായ സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ സോളാര്‍ കേസുകളില്‍ സമാഹരിച്ച പണം മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കിയതായി പറഞ്ഞിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ബിജുവിന്റെ ഹരജി ഫയലില്‍ സ്വീകരിക്കുന്നതിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജെഫ്രി ജോര്‍ജ് ജോസഫ് എതിര്‍ത്തു. തുടര്‍ന്നാണ് ഹരജി വിശദ വാദം കേള്‍ക്കാന്‍ 22 ലേക്കു മാറ്റിയത്. ഹരജി രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ബിജുവിന് അരമണിക്കൂര്‍ സമയം അനുവദിച്ചു.
കേസിലെ പ്രതിയായ സരിതാ നായര്‍ തിങ്കളാഴ്ച ഹാജരായില്ല. സോളാര്‍ കമ്മീഷനു മുന്നില്‍ തെളിവെടുപ്പിന് ഹാജരാവാനുള്ളതിനാല്‍ തിങ്കളാഴ്ച അവധി നല്‍കണമെന്ന് സരിത അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍ മണിലാല്‍ ഹാജരായി.
സോളാര്‍ കേസില്‍ തെളിവാകുമായിരുന്ന സിഡി കോയമ്പത്തൂരില്‍നിന്ന് പോലിസിനെ ഉപയോഗിച്ച് നീക്കം ചെയ്തതാണെന്ന് ബിജു. സോളാര്‍ കേസിന്റെ വിചാരണയ്ക്ക് കോഴിക്കോട്ടെത്തിയ ബിജു മാധ്യമപ്രവര്‍ത്തകര്‍ക്കുനല്‍കിയ 14 പേജുള്ള കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ജീവിച്ചിരുന്നാല്‍ മാര്‍ച്ച് 15നകം തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കമ്മീഷനും കൈമാറുമെന്നും ബിജു കത്തില്‍ അവകാശപ്പെടുന്നു.
Next Story

RELATED STORIES

Share it