kannur local

മുഖ്യമന്ത്രിയുടെ വാക്ക് പാഴായി പയ്യന്നൂര്‍ താലൂക്ക്: അനിശ്ചിതത്വം തുടരുന്നു

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക്‌വല്‍കരണം അനിശ്ചിതമായി നീളുന്നു. 2016-17 വര്‍ഷത്തെ ബജറ്റില്‍ താലൂക്ക് സംബന്ധിച്ചു പരാമര്‍ശമില്ലാതായതോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കായി മാറുമോയെന്ന ആശങ്ക ശക്തമാണ്. നേരത്തേ പ്രഖ്യാപിച്ചതിനാല്‍ ബജറ്റ് പരാമര്‍ശം ആവശ്യമില്ലെന്നു ചിലര്‍ പറയുന്നുണ്ട്.
എന്നാല്‍ തുക നീക്കിവയ്ക്കാതെ എങ്ങനെ താലൂക്ക് യാതാര്‍ഥ്യമാവും എന്ന ചോദ്യവും ഉയരുന്നുണ്ട്. പണമില്ലാത്തതാണ് താലൂക്ക് പ്രഖ്യാപനം യാതാര്‍ഥ്യമാക്കുന്നതിനു തടസ്സമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാരും ധനവകുപ്പും കനിഞ്ഞാല്‍ മാത്രമെ താലൂക്ക് യാഥാര്‍ഥ്യമാവുകയുള്ളു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി പയ്യന്നൂര്‍ താലൂക്ക് ഉടന്‍ ഉണ്ടാവും എന്ന് ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞ മാസം പയ്യന്നൂരിലെത്തിയ മന്ത്രി കെ സി ജോസഫും ഇത് ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പയ്യന്നൂരില്‍ യുഡിഎഫ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രകടനം നടത്തുകയും ചെയ്തിരുന്നു.
അഞ്ചര പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം 2013ലെ ബജറ്റില്‍ താലൂക്ക് ഉണ്ടാവും എന്ന പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിന് ഉറപ്പുനല്‍കിയത്. ഇതിനു ശേഷം പയ്യന്നൂരിലെത്തിയ മുഖ്യമന്ത്രിയും വാക്ക് പാലിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഈ വാക്ക് പാലിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടയിലാണ് ജനസമ്പര്‍ക്ക പരിപാടിയിലും മുഖ്യമന്ത്രിയുടെ ഉറപ്പു നല്‍കിയത്.
1954 ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് പയ്യന്നൂര്‍ താലൂക്ക് വല്‍ക്കരണം സര്‍ക്കാരിന്റെ പരിഗണനയിലെത്തിയത്. സര്‍ക്കാര്‍ നിയോഗിച്ച വെള്ളോടി കമ്മീഷന്‍ പ്രശ്‌നം പഠിപ്പിക്കുകയും കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകള്‍ വിഭജിച്ച് പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കമ്മീഷന്‍ നിര്‍ദേഷിച്ച് അഞ്ചര പതിറ്റാണ്ട് കഴിഞ്ഞിട്ടും താലൂക്ക് യാഥാര്‍ഥ്യമായില്ല.
1987ലെ നായനാര്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് താലൂക്ക് പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീട് വന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഫയലുകള്‍ പൊടിതട്ടിയെടുത്തില്ല. നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ധനകാര്യ വകുപ്പിന്റെ ഉടക്കാണ് തിരിച്ചടിക്ക് കാരണമെന്നു പറയുന്നു. ജനസമ്പര്‍ക്ക പരിപാടിയിലെ പ്രഖ്യാപനത്തോടെ ധനവകുപ്പിന്റെ കടമ്പ കടക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഇപ്പോള്‍ കര്‍ണാടക വനാതിര്‍ത്തിയിലുള്ള കാനം വയല്‍, രാജഗിരി തുടങ്ങിയ മലയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് തളിപ്പറമ്പിലെ താലൂക്ക് ആസ്ഥാനത്തെത്താന്‍ 100 കിലോ മീറ്ററോളം സഞ്ചരിക്കണം. പലയിടത്തും ബസ് സര്‍വീസില്ലാത്തതിനാല്‍ ജീപ്പും മറ്റും ആശ്രയിച്ചു വേണം എത്താന്‍. ഇത് സമയവും പണവും നഷ്ടപ്പെടാന്‍ കാരണമാകുന്നു. കടന്നപ്പള്ളി, പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം തുടങ്ങിയ പ്രദേശത്തിലുള്ളവര്‍ക്ക് 10 മുതല്‍ 20 കിലോ മീറ്റര്‍ വരെ അടുത്തുള്ള തളിപ്പറമ്പ് താലൂക്ക് ഓഫിസ് കടന്നുവേണം കണ്ണൂര്‍ താലൂക്കിലെത്താന്‍. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ താലൂക്കിന് വേണ്ടി പരിഗണിച്ച പ്രദേശങ്ങളുടെ പട്ടികയില്‍ നാലാമതായാണ് പയ്യന്നൂരിനെ ഉള്‍പ്പെടുത്തിയത്. തളിപ്പറമ്പ് താലൂക്കില്‍ 47 വില്ലേജുകളുണ്ട്.
ഏഴു ലക്ഷത്തിലേറെയാണ് ജനസംഖ്യ. സമീപ താലൂക്കായ കണ്ണൂരില്‍ 34 വില്ലേജുകളുണ്ട്. കേരളത്തില്‍ 32 താലൂക്കുകളില്‍ 20ല്‍ താഴെ വില്ലേജുകളാണുള്ളത്. ഇത് കണക്കിലെടുത്താല്‍ കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കു പരിധികളില്‍ നാലു താലൂക്കുകള്‍ വരേണ്ട കാലം കഴിഞ്ഞു. തളിപ്പറമ്പ് താലൂക്കിലെ പയ്യന്നൂര്‍ നഗരസഭയിലെ രാമന്തളി, കരിവെള്ളൂര്‍, പെരളം, കാലങ്കോല്‍, ആലപ്പടമ്പ, പെരിങ്ങോം, വയക്കര, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെയും 16 വില്ലേജുകളും തളിപ്പറമ്പ് താലൂക്കിലെ കടന്നപ്പള്ളി, പാണപ്പുഴ, ചെറുതാഴം, കുഞ്ഞിമംഗലം, മാട്ടൂല്‍, മാടായി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ ഏഴ് വില്ലേജുകളുമായിരിക്കും പയ്യന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുക. പയ്യന്നൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്തു. ഉടന്‍ യാഥാര്‍ഥ്യമായാല്‍ താലൂക്ക് ഓഫിസ് മിനിസിവില്‍ സ്റ്റേഷനില്‍ ആരംഭിക്കാം.
സി കൃഷ്ണന്‍ എംഎല്‍എ നിരവധി തവണ നിയമസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ മുന്‍ രാധാകൃഷ്ണന്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 2007 നിയോഗിച്ച ലാന്റ് റവന്യു വകുപ്പിലെ ഉന്നതര്‍ നടത്തിയ പഠനത്തിലാണ് നാലാമതായി പരിഗണിക്കാന്‍ നിര്‍ദേശിച്ചത്. വിസ്തൃതി ജനസംഖ്യ ഇഴ പരിഗണിച്ചാണ് പയ്യന്നൂരിന് പരിഗണ നല്‍കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it