Editorial

മുഖ്യമന്ത്രിയുടെ രാജി മാത്രമാണ് പോംവഴി

അഴിമതിയുടെ ആഗോള പട്ടികയില്‍ ഇന്ത്യ നില അല്‍പ്പം മെച്ചപ്പെടുത്തിയിരിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിറകെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ചില വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുള്ളത്. സോളാര്‍ വിവാദം മൂന്നു വര്‍ഷത്തോളമായി കേരളത്തില്‍ പല കോളിളക്കങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. സൗരോര്‍ജം പരിഹാസ്യമായ അപരനാമമായി കാണുന്ന കേരളീയ സാമൂഹിക സാഹചര്യം ഈ വിവാദങ്ങളെത്തുടര്‍ന്ന് ഉരുത്തിരിഞ്ഞതാണ്.പിതൃസ്ഥാനീയനാണ് ഉമ്മന്‍ചാണ്ടിയെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയാണ് മുഖ്യമന്ത്രിക്കു വേണ്ടി  ഏഴു കോടി രൂപ കൈക്കൂലി ചോദിച്ചെന്നും അതില്‍ 1.9 കോടി നല്‍കിയെന്നും സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ മൊഴിനല്‍കിയത്.

വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനു വേണ്ടി രണ്ട് ഗഡുവായി 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി നല്‍കുന്നതിന്റെ തലേന്നാള്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി സരിതയുമായി സംസാരിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. കേരളീയര്‍ക്ക് മൊത്തം അപമാനകരമായ ഒന്നായി സോളാര്‍ കേസ് മെഗാ പരമ്പര പോലെ തുടരുകയാണ്. കേസ് ഇല്ലാതാക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനും ശ്രമങ്ങള്‍ നടന്നു എന്ന് സംശയിക്കുന്നത് തെറ്റാവില്ല. കേസ് നല്‍കിയവരില്‍ പലര്‍ക്കും വന്‍ തുകകള്‍ നല്‍കിയാണത്രെ തടവിലായിരുന്ന സരിത പുറത്തുവന്നത്. അന്നു തന്നെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ആ വഴിക്ക് ഒരു അന്വേഷണവും നടന്നില്ല. മുഖ്യമന്ത്രി ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ചോദ്യംചെയ്യലിന് വിധേയനായത് സംസ്ഥാനത്തിന് ഒട്ടും അഭിമാനകരമായ അവസ്ഥയല്ല. കേരളത്തില്‍ പല മന്ത്രിമാര്‍ക്കെതിരേയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

പലരും ആരോപണങ്ങളെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിയും വന്നു. പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞശേഷം തടവറയിലേക്കു പോയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെന്നല്ല, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഒരു മുഖ്യമന്ത്രിയും ആ പദവിയിലിരിക്കെ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ വിസ്തരിക്കപ്പെടുന്നതിന് ഇരുന്നുകൊടുക്കേണ്ടിവന്നിട്ടില്ല.മുഖ്യമന്ത്രിയോട് രാജിവച്ച് മാറിനില്‍ക്കണമെന്ന് പ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തിന് പറയാനാവില്ല. അതു പാര്‍ട്ടിയിലെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. പാപംചെയ്യാത്തവന്‍ കല്ലെറിയട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കൈ പൊങ്ങില്ല എന്നതു വ്യക്തമാണ്. നാലു മാസത്തിനകം ഒരു പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് ഭരിക്കുന്ന മുന്നണിക്ക് ആരോപണവിധേയരായ ഇത്തരം വ്യക്തികളെ മുന്നില്‍ നിര്‍ത്തി വേണം വോട്ട് ചോദിക്കാന്‍ എന്ന അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണ്.

ധാര്‍മികതയേക്കാള്‍ വലുതാണ് മനസ്സാക്ഷിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. സംസ്‌കാരസമ്പന്നമെന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിന്റെ രാഷ്ട്രീയനേതൃത്വത്തിന് മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഇത്തരത്തിലാണെങ്കില്‍ നാടിന്റെ ഭാവിയെക്കുറിച്ച് തീര്‍ത്തും ആശങ്കപ്പെടേണ്ടതുണ്ട്. കൂടുതല്‍ അപമാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവച്ച് പുറത്തിറങ്ങി അന്വേഷണത്തിനു വിധേയമാവണം. അതായിരിക്കും യുഡിഎഫിനും കോണ്‍ഗ്രസ്സിനും ഗുണകരം.
Next Story

RELATED STORIES

Share it