മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ന്നു: വിഎസ്

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ അഴിമതി എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ കൊള്ള കേന്ദ്രനേതാക്കളെ അറിയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കുപോലും കത്തെഴുതേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
ഉമ്മന്‍ചാണ്ടിയുടെ ഏകാധിപത്യം യുഡിഎഫിനെയും കോണ്‍ഗ്രസ്സിനെയും ജനങ്ങളില്‍ നിന്ന് അകറ്റി. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കാണാന്‍ പോയപ്പോള്‍ രമേശ് ചെന്നിത്തല നല്‍കിയ കത്തില്‍ പറയുന്നതെന്നും വിഎസ് പറഞ്ഞു.
കായലും പാടവുമൊക്കെ സ്വന്തക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ മുഖ്യമന്ത്രി പദ്ധതി തയ്യാറാക്കി. മെത്രാന്‍ കായലില്‍ മാത്രം 307 ഏക്കറിലധികമാണ് കൊടുക്കാന്‍ തീരുമാനിച്ചത്. കിട്ടുന്ന കാശ് നഷ്ടപ്പെടുത്തരുതെന്നു മാത്രമേ ഉമ്മന്‍ചാണ്ടിക്കും മാണിക്കും മറ്റു മന്ത്രിമാര്‍ക്കും വിചാരമുള്ളൂ. 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. അന്ന് കിലോയ്ക്ക് 14 രൂപയ്ക്ക് അരി നല്‍കി. ഇപ്പോള്‍ അരിക്ക് 42 രൂപയായി. ഇതുകൂടാതെ 14 ഇനം നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടില്ല. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സിന് അഞ്ചു ശതമാനം പലിശയ്ക്കു കിട്ടുന്ന പണമാണ് 18 ശതമാനം പലിശയ്ക്കു നല്‍കി വെള്ളാപ്പള്ളി നടേശന്‍ കൊള്ള നടത്തിയത്. വായ്പ എടുത്തവരില്‍ പലരും ഈടായി കൊടുത്തത് വീടും സ്ഥലവുമാണ്. ഇവരില്‍ പലരും പിന്നീടാണ് കബളിപ്പിക്കല്‍ മനസ്സിലാക്കിയത്. ഇങ്ങനെ ചതിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ വേണ്ട 'സമ്മാനം' കൊടുക്കണമെന്നും വിഎസ് പറഞ്ഞു.
ഗാന്ധിയെ കശാപ്പുചെയ്ത രാജ്യദ്രോഹികളാണ് ബിജെപിയും ആര്‍എസ്എസുകാരും. ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെക്ക് അമ്പലം പണിയാനാണ് നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ കൈപ്പത്തി ചിഹ്നം കൈപ്പറ്റിയെന്നാക്കി മാറ്റണമെന്ന് തൃപ്പൂണിത്തുറയില്‍ നടന്ന എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it