മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്

തൃശൂര്‍: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. സംഭവത്തില്‍ തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. കേരള ലളിതകലാ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തിലും തുടര്‍ന്ന്, സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലുമായിരുന്നു മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
സാഹിത്യ അക്കാദമി ഹാളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലേക്ക് മുന്‍കൂട്ടി ക്ഷണിച്ച പ്രകാരമാണ് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മാധ്യമ പ്രവര്‍ത്തകരെ പരിപാടിയിലേക്ക് കടത്തിവിടേണ്ടതില്ല എന്ന നിലപാടിലായിരുന്നു പോലിസ്. പരിപാടി അരങ്ങേറുന്ന ഹാളിന്റെ കവാടത്തില്‍ കനത്ത പോലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഹാളിനു പുറത്തു പോവണമെന്ന അറിയിപ്പും സംഘാടകര്‍ മൈക്കിലൂടെ നടത്തി. ക്ഷണിച്ചുവരുത്തി അപമാനിച്ചു എന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചാണ് മടങ്ങിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ഘടകം പ്രതിഷേധിച്ചു. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സാംസ്‌കാരിക പ്രമുഖരുമായി മുഖാമുഖം സംഘടിപ്പിച്ചിരുന്നു. ഇത് റിപോര്‍ട്ട് ചെയ്യാനായി പരിപാടി നടക്കുന്ന ഹാളില്‍ ഇരുന്ന മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടതില്ലെങ്കില്‍ അക്കാര്യം നേരത്തേ ബന്ധപ്പെട്ടവര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കേണ്ടതായിരുന്നു.
സംഭവത്തില്‍ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച് പിആര്‍ഡി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി പ്രസിഡന്റ് കെ പ്രഭാത്, സെക്രട്ടറി വിനീത എം വി എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it