മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുന്നണിക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ പ്രവര്‍ത്തന റിപോര്‍ട്ട്‌

കെ പി ഒ  റഹ്മത്തുല്ല

മലപ്പുറം: ഇടതുമുന്നണി ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ പ്രവര്‍ത്തന റിപോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപോര്‍ട്ടിലാണ് കടുത്ത പരാമര്‍ശങ്ങളുള്ളത്. റവന്യൂ വകുപ്പില്‍ ഭരണത്തലവന്‍ എന്ന നിലയില്‍ മന്ത്രിയെ പോലും പരിഗണിക്കാതെ മുഖ്യമന്ത്രി ഇടപെട്ട നിരവധി അവസരങ്ങളുണ്ട്. യോഗം വിളിച്ചിട്ടുപോലും പ്രതിഷേധിക്കാത്തത് ദൗര്‍ബല്യമായി കാണരുതെന്നും റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. സിപിഎം പൊതുവിലും മുഖ്യമന്ത്രി പ്രത്യേകമായും സ്വീകരിക്കുന്ന നടപടികള്‍ ഘടകകക്ഷി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ല.
സിപിഐ ഭരിക്കുന്ന വകുപ്പുകളില്‍ നിന്നെങ്കിലും മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും മാറ്റിനിര്‍ത്താന്‍ കഴിയണമെന്നും കാനം രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന റിപോര്‍ട്ട് പറയുന്നു. സിപിഎമ്മിന്റെ ധാര്‍ഷ്ട്യം നിറഞ്ഞതും ഏകാധിപത്യപരവുമായ നിലപാടുകള്‍ പലപ്പോഴും മന്ത്രിസഭയുടെ തന്നെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുന്ന രൂപത്തിലേക്ക് മാറിയിട്ടുണ്ട്. അതനുവദിക്കാനാവില്ലെന്നതിന്റെ സൂചനയായിരുന്നു സിപിഐ മന്ത്രിമാരുടെ മന്ത്രിസഭാ യോഗ ബഹിഷ്‌കരണം. സിപിഎമ്മിന്റേതു മാത്രമല്ല ഇടതുമുന്നണിയും ഭരണവുമെന്നു പാര്‍ട്ടി മനസ്സിലാക്കണം. ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നു കടുത്ത വിമര്‍ശനവും റിപോര്‍ട്ടിലുണ്ട്. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം വളരെ മോശമാണെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ മുന്നണിയില്‍ നിന്ന് അകലാന്‍ ഇത് ഇടയാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സംഘപരിവാരത്തിന് അനുകൂലമാവുന്നതിന്റെ ക്ഷീണം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തിലെത്താന്‍ സഹായിച്ച മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭരണത്തില്‍ അസംതൃപ്തരാണ്. അവരെ തിരികെ കൊണ്ടുവരാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടാവണമെന്നു റിപോര്‍ട്ടില്‍ പറയുന്നു. അഴിമതിക്കാരെ മുന്നണിയിലെടുക്കാന്‍ പാടില്ലെന്ന പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ സൂചനയും റിപോര്‍ട്ടിലുണ്ട്. കേരളാ കോണ്‍ഗ്രസ്സിനെയും മാണിയെയും പിന്‍വാതിലിലൂടെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന സന്ദേശമാണ് സിപിഐ റിപോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. സിപിഎം എത്ര തന്നെ സമ്മര്‍ദം ചെലുത്തിയാലും അഴിമതിക്കാരെ തീണ്ടാപ്പാടകലെ തന്നെ നിര്‍ത്തണമെന്ന ആഹ്വാനവും റിപോര്‍ട്ടിന്റെ ആദ്യ പേജുകളില്‍ തന്നെയുണ്ട്. കേരളാ കോണ്‍ഗ്രസ്സിനെയും മാണിയെയുമുപയോഗിച്ച് സിപിഐയെ ഒതുക്കാമെന്ന മോഹം സിപിഎം ഉപേക്ഷിക്കണമെന്നും ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ഫാഷിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it