മുഖ്യമന്ത്രിയുടെ നിലപാട് ഏകാധിപത്യപരം: അഡ്വ. കെ എം അഷ്‌റഫ്

കോഴിക്കോട്: ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പാക്കുമെന്നും ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തികഞ്ഞ ഏകാധിപത്യ പ്രവണതയാണു പ്രകടമാവുന്നതെന്നും ഇത്തരം സമീപനങ്ങള്‍ ജനാധിപത്യ സംവിധാനത്തിനു നിരക്കാത്തതാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്.ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ പോലും ചര്‍ച്ചചെയ്യാതെ മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി പദവിയിലെത്തുന്നതിന് കോര്‍പറേറ്റുകളുമായി ഉണ്ടാക്കിയ ധാരണകളുടെ പൂര്‍ത്തീകരണമാണു തന്റെ ലക്ഷ്യമെന്ന് സംശയിക്കാവുന്ന തരത്തിലാണു മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍. 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കണമെങ്കില്‍ 1329 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരും. പതിനായിരക്കണക്കിനു വീടുകള്‍ മാറ്റേണ്ടിവരും. ഈ യാഥാര്‍ഥ്യങ്ങള്‍ പരിഗണിച്ചാണ് 2011ല്‍ വിഎസ് ഉള്‍പ്പെടെ പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ 30 മീറ്ററില്‍ നാലുവരി പ്പാത പണിയാമെന്ന് അംഗീകരിച്ചത്. ഈ യോഗ തീരുമാനങ്ങള്‍ അട്ടിമറിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണം. 45 മീറ്ററില്‍ ബിഒടി അടിസ്ഥാനത്തില്‍ തന്നെ നാലുവരിപ്പാത പണിയണമെന്നതു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമാണ്. ഇതില്‍ ചര്‍ച്ചയും അഭിപ്രായവും പാടില്ലെന്ന പ്രഖ്യാപനത്തിലൂടെ ആരുടെ താല്‍പ്പര്യങ്ങളാണു സംരക്ഷിക്കപ്പെടുന്നതെന്നു വ്യക്തമാണ്. ഗോവയില്‍ 30 മീറ്ററിലാണു ദേശീയപാത വികസനം നടന്നത്. കേരളത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രതയും പ്രത്യേക സാഹചര്യങ്ങളും കണക്കിലെടുത്ത് 30 മീറ്ററില്‍ ആറുവരിപ്പാത നിര്‍മിച്ച് ദേശീയപാത വികസിപ്പിക്കാനുള്ള നടപടികളാണു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങള്‍ക്കു കേരളം സാക്ഷ്യംവഹിക്കുമെന്നും കെ എം അഷ്‌റഫ് പറഞ്ഞു.
Next Story

RELATED STORIES

Share it