മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ സിപിഎമ്മിന്റെ കൊടികുത്തല്‍

കൊല്ലം: മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ  കൊല്ലത്ത് വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍. കടയ്ക്കല്‍ നിലമേലിന് സമീപം മുരുക്കുമണില്‍ വര്‍ക് ഷോപ്പിനു മുന്നിലെ മണ്ണിലാണ് പാര്‍ട്ടിയുടെ ചെങ്കൊടി കുത്തല്‍. വര്‍ഷങ്ങളായി ഇവിടെ വര്‍ക് ഷോപ്പ് നടത്തിവരുന്ന പാര്‍ഥിപന്റെ വര്‍ക് ഷോപ്പിന് മുന്നിലെ തറ നിരത്താനാണ് മണ്ണ് ഇറക്കിയിരിക്കുന്നത്. ഈ മണ്ണിലാണ് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടുമാസമായി കൊടികുത്തിയിരിക്കുന്നത്. വര്‍ക് ഷോപ്പിനു മുന്നിലെ തറ നിരപ്പാക്കുന്ന പ്രവര്‍ത്തനം തണ്ണീര്‍ത്തട നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മണ്ണിലാണ് നിലമേല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രവര്‍ത്തകര്‍ കൊടികുത്തിയത്. ഇതേ തുടര്‍ന്ന് തറനികത്താനായി ഇറക്കിയ മണ്ണ് എന്തുചെയ്യുമെന്ന അവസ്ഥയിലാണ് പാര്‍ഥിപന്‍.
ഇതിനെതിരേ പോലിസിനും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പാര്‍ഥിപന്‍ പറഞ്ഞു. ഇതിനിടെ പ്രാദേശിക നേതാക്കന്മാര്‍ പണം ചോദിച്ചെന്നുള്ള ആരോപണവും ശക്തമാണ്. എന്നാല്‍, നിലമേലിലെ കൊടികുത്തല്‍ സംബന്ധിച്ച് തങ്ങള്‍ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
വാഹന വര്‍ക് ഷോപ്പ് നിര്‍മിക്കുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിലും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് പുനലൂര്‍ സ്വദേശി സുഗതന്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കൊടികുത്തലിനെതിരേ വിര്‍മശനങ്ങളുന്നയിച്ച സിപിഎമ്മിന്റെ തന്നെ പ്രാദേശിക ഘടകം നിലം നികത്തല്‍ ആരോപിച്ച് ഇപ്പോള്‍ ചെങ്കൊടി കുത്തിയത്.
Next Story

RELATED STORIES

Share it