മുഖ്യമന്ത്രിയുടെ കാരുണ്യത്തിന്റെ കൈയൊപ്പ് പതിഞ്ഞു; ഷംനയ്ക്കും ഹസനും ആനുകൂല്യങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ കഴിഞ്ഞ റിപബ്ലിക്ക് ദിനത്തില്‍ പിആര്‍ഡി മുഖേന മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ കുട്ടികളായ ഷംനയെയും ഹസനെയും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്നലെ തേജസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ദുരിതബാധിതരായ രണ്ടു കുട്ടികളും മാതാപിതാക്കളും മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ ദുരവസ്ഥ വിവരിക്കുകയും ചെയ്തു.ഇതോടെയാണ് ഇവര്‍ക്ക് കാരുണ്യത്തിന്റെ സഹായഹസ്തം ലഭ്യമായത്. നേരത്തെ ഈ കുടുംബത്തിന് ഒരു ലക്ഷം രൂപ ചികില്‍സാ സഹായം അനുവദിച്ചിരുന്നു. അത് നേരത്തെ കിട്ടി. തുടര്‍ന്ന് കഴിഞ്ഞ മാസം ഒരു ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. ഈ തുക കിട്ടിയില്ല. ഇന്നലെ വീണ്ടും ഒരു ലക്ഷം രൂപ കൂടി അനുവദിച്ചതായി മുഖ്യമന്ത്രി ഇവരെ അറിയിച്ചു. എല്ല് പൊടിയുന്ന ഒസ്‌റ്റോജെനസിസ് ഇംപെര്‍ഫെക്ട് രോഗവുമായി മല്ലിടുകയാണ് ഇരുവരും. ഇവരുടെ സംരക്ഷണം നമ്മുടെ കടമ'എന്ന പേരില്‍ കഴിഞ്ഞ മാസം 26ന് മാധ്യമങ്ങളി ല്‍ നല്‍കിയ പരസ്യത്തിലെ കുട്ടികളാണ് ഇരുവരും. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍- 2015ല്‍ എത്തിയ ഈ രണ്ടു കുട്ടികളുടെ ചിത്രങ്ങളാണ് പരസ്യത്തില്‍ ഉപയോഗിച്ചത്. മധൂര്‍ പഞ്ചായത്തിലെ ചെട്ടുംകുഴിയില്‍ താമസിക്കുന്ന സീതി-മൈമൂന ദമ്പതികളുടെ മക്കളാണ് ഇവര്‍.കുട്ടികള്‍ക്ക് ആവശ്യമായ മുഴുവന്‍ ചികില്‍സയും നല്‍കാനും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി കലക്ടറോട് നിര്‍ദേശിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നിലിനൊപ്പം കുട്ടികളുടെ മാതാപിതാക്കള്‍ കലക്ടറെ കണ്ട് വിവരങ്ങള്‍ ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it