മുഖ്യമന്ത്രിയുടെ ഇടപെടലില്‍ അനുപമയ്ക്കു ജോലി

കോഴിക്കോട്: അനാഥയും ഭിന്നശേഷിക്കാരിയുമായ തന്നെ രണ്ടു വയസ്സുള്ളപ്പോള്‍ ദത്തെടുത്ത സുമനസ്സുകള്‍ക്ക് അവരുടെ ജീവിത സായാഹ്നത്തില്‍ തണലാവണമെന്നുണ്ട് അനുപമയ്ക്ക്. പക്ഷേ, ബിരുദവും ടിടിസിയും കംപ്യൂട്ടര്‍ വിദ്യാഭ്യാസവുമെല്ലാമുണ്ടായിട്ടും ശാരീരിക വൈകല്യമുള്ളതിനാല്‍ ജോലി നല്‍കാന്‍ ആരും തയ്യാറാവുന്നില്ല. അങ്ങനെയാണ് മലാപ്പറമ്പ് മാസ് കോര്‍ണറില്‍ കൃഷ്ണകൃപ ലക്ഷ്മീ മാധവത്തില്‍ വിജയരാജന്‍- ഭാനുമതി ദമ്പതികളുടെ ദത്തുപുത്രിയായ അനുപമ വിജയരാജന്‍ മുഖ്യമന്ത്രിക്കടുത്തെത്തുന്നത്.
ഇന്നലെ ജയ ഓഡിറ്റോറിയത്തില്‍ നടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് അനുപമ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞത്. 'അച്ഛനും അമ്മയ്ക്കും പ്രായമായി വരുകയാണ്. വീട്ടില്‍ ആരുമില്ല. എന്തെങ്കിലും ജോലി നല്‍കി രക്ഷിക്കണം'. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. മൈക്ക് പിടിച്ചുവാങ്ങിയ മുഖ്യമന്ത്രി അവളോട് സ്വകാര്യമായാണു സംസാരിച്ചത്. സര്‍ക്കാര്‍ ജോലിയില്‍ കയറണമെങ്കില്‍ പിഎസ്‌സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ കടമ്പകള്‍ കടക്കണമെന്ന് മുഖ്യമന്ത്രി സദസ്സിനെ നോക്കി പറഞ്ഞു. ഈ സംവിധാനങ്ങളെ തോന്നുംവിധം മറികടക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
തുടര്‍ന്ന് സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും സിറ്റി സര്‍വീസ് സഹകരണബാങ്ക് അധ്യക്ഷനുമായ സി എന്‍ വിജയകൃഷ്ണനോട് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അനുപമയുടെ ബയോഡാറ്റ മുഖ്യമന്ത്രിയില്‍ നിന്ന് വിജയകൃഷ്ണന്‍ വാങ്ങി. തിരഞ്ഞെടുപ്പിനു ശേഷം ജോലി നല്‍കാമെന്ന് അദ്ദേഹം അനുപമയ്ക്ക് വാഗ്ദാനം നല്‍കി.
Next Story

RELATED STORIES

Share it