മുഖ്യമന്ത്രിയുടെ ആരോപണം തള്ളി കാലാവസ്ഥാ കേന്ദ്രം

പി എം അഹ്്മദ്

തിരുവനന്തപുരം: പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു വീഴ്ചയുണ്ടായെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന തള്ളി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കിയിരുന്നതായി കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 8, 9 തിയ്യതികളില്‍ മഴ ശക്തമാവുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14, 15 ദിവസങ്ങളില്‍ പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി. മഴ ശക്തമായ എല്ലാ ജില്ലകളിലും നേരത്തെത്തന്നെ ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥാ പ്രവചനത്തില്‍ ഉണ്ടായ പിഴവാണ് സംസ്ഥാനത്തെ പ്രളയക്കെടുതി രൂക്ഷമാക്കിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് വിശദീകരണം. ഡല്‍ഹി ഓഫിസില്‍ നിന്ന് രണ്ടുമൂന്നു ദിവസം മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കുന്നത് ദുരന്തനിവാരണ അതോറിറ്റിക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ജില്ല തിരിച്ച് കൃത്യമായ പ്രവചനമാണ് നല്‍കിയത്. പ്രാദേശിക വെബ്‌സൈറ്റുകളില്‍ എല്ലാ ദിവസവും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലാതല മഴ സംബന്ധിച്ച മുന്നറിയിപ്പ് ഓരോ ദിവസവും മൂന്നു തവണ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത മൂന്നു മണിക്കൂറിനുള്ളിലെ മുന്നറിയിപ്പുകള്‍ ഡോപ്പര്‍ വെതര്‍ റഡാര്‍ ഡാറ്റ ആയി എസ്എംഎസ് വഴി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്നു. വരുന്ന അഞ്ചു ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളും രണ്ടു ദിവസം പെയ്യാനിടയുള്ള മഴ സംബന്ധിച്ച വിവരങ്ങളും കനത്ത മഴ, കാറ്റ് ഉള്‍പ്പെടെ ഇ-മെയില്‍ വഴി ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി (റവന്യൂ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നാവിക സേന, പ്രത്യേക തീരസംരക്ഷണ സേന, പത്ര-ദൃശ്യമാധ്യമങ്ങള്‍ എന്നിവര്‍ക്ക് നല്‍കിയിരുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പുകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന രീതിയില്‍ വിശദമായ കുറിപ്പാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it