മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും കെ ബാബുവിന്റെയും രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ആദ്യരണ്ടുദിനം സോളാറിന്റെയും ബാര്‍കോഴയുടെയും പേരിലായിരുന്നു പ്രതിപക്ഷ ബഹളമെങ്കില്‍ ഇന്നലെ ടൈറ്റാനിയം കേസിനെച്ചൊല്ലിയായിരുന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സഭ പ്രക്ഷുബ്ധമായതോടെ 10.40ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഇരുഭാഗത്തെയും കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സഭാനടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അല്‍പനേരം കഴിഞ്ഞ് തിരികെയെത്തിയ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്നലെയും സഭയിലെത്തിയത്. അടിയന്തരപ്രമേയ നോട്ടിസ് അവതരണത്തിനിടെ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താനിടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. സിഐടിയുവും ഐഎന്‍ടിയുസിയും അടക്കമുള്ള തൊഴിലാളി യൂനിയന്‍ നേതാക്കളുടെ ആവശ്യപ്രകാരമാണ് താന്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്. അതിനിയും ചെയ്യും. അല്ലാതെ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് 2006ല്‍ പരാതി ലഭിച്ചിട്ടും അഞ്ചുവര്‍ഷം ഭരിച്ച ഇടതു സര്‍ക്കാര്‍ ഇതെക്കുറിച്ച് അന്വേഷിച്ചില്ല.
ടൈറ്റാനിയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ഇടതുസര്‍ക്കാരാണ്. 200 കോടിയുടെ അഴിമതിയുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടും പദ്ധതിയ്ക്ക് തറക്കല്ലിട്ടത് മുന്‍ വ്യവസായമന്ത്രി എളമരം കരീമാണ്. ഇപ്പോള്‍ ആരോപണമുന്നയിക്കാന്‍ നാണമില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മുഖ്യമന്ത്രി അടക്കമുള്ള 11 പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് എളമരം കരീം കുറ്റപ്പെടുത്തി. സിബിഐ കൂട്ടിലിട്ട തത്തയെന്നാണ് സുപ്രിംകോടതി പറഞ്ഞതെങ്കില്‍ വിജിലന്‍സിനെ കൂട്ടിലിട്ട് എരിച്ചുകൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it