Flash News

മുഖ്യമന്ത്രിയുടെയും പോലിസിന്റെയും ആരോപണങ്ങള്‍ കള്ളമെന്നു മര്‍ദനമേറ്റ ഉസ്മാന്‍

ആലുവ: പോലിസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവ എടത്തലയില്‍ പോലിസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഉസ്മാന്‍. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ബൈക്കിലിരുന്നു സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് പോലിസ് സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു.
പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങിവന്നു മര്‍ദിച്ചു. തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പോലിസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തന്റെ തല കാലിനിടയില്‍ പിടിച്ചുകൊടുത്ത ശേഷം മുട്ടുകൈ കൊണ്ട് പുറംഭാഗത്ത് മര്‍ദിക്കുകയായിരുന്നു. തന്നെ മര്‍ദിച്ച പോലിസുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു തനിക്കെതിരേ കേസുണ്ടെന്ന് ആക്ഷേപിക്കുന്നത്. 2011ല്‍ താന്‍ പങ്കാളിയാവാത്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത കുറ്റമാണിത്. കണ്ടാലറിയാവുന്ന 100ഓളം പേരില്‍ ഒരാളായാണു തന്നെ പ്രതി ചേര്‍ത്തത്. അന്ന് ആലുവ കൊച്ചിന്‍ ബാങ്ക് കവലയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ കുഞ്ചാട്ടുകരക്കാരാണെന്നറിഞ്ഞു ചെന്നപ്പോള്‍ അവിടെ ലാത്തിച്ചാര്‍ജ് നടക്കുന്നതു കണ്ടു.തുടര്‍ന്ന് താന്‍ തിരികെപോന്നെങ്കിലും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തു. എന്നാല്‍ കുറ്റവാളിയല്ലെന്നു മനസ്സിലാക്കിയ മജിസ്‌ട്രേററ് കോടതിയില്‍ നിന്നു തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചതായും ഉസ്മാന്‍ പറഞ്ഞു. ഈ കേസ് ഏറ്റെടുത്താണു മുഖ്യമന്ത്രിയടക്കമുള്ളവര്‍ തനിക്കെതിരേ ദുരാരോപണമുന്നയിക്കുന്നത്.
അതേസമയം,  ഉസ്മാനെ ഈ മാസം 22 വരെ റിമാന്‍ഡ്  ചെയ്തു. പോലിസുകാരെ മര്‍ദിച്ചെന്ന കുറ്റംചാര്‍ത്തിയാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്.
ഉസ്മാനെ ചോദ്യംചെയ്യുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എസ് ഉദയഭാനു പറഞ്ഞു. അതേസമയം, ഉസ്മാനെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ വനിതാ എസ്‌ഐക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആലുവ സ്റ്റേഷനിലെ എസ്‌ഐ ജെര്‍ട്ടീന ഫ്രാന്‍സിനാണ് നട്ടെല്ലിനു പരിക്കേറ്റത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. വിവിധ വകുപ്പുകള്‍ പ്രകാര മാണു കേസുകളെടുത്തതെന്ന് ആലുവ സ്റ്റേഷന്‍ ഓഫിസര്‍ വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it