മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മില്‍ നേരിയ വാക്‌പോര്. രാഷ്ട്രീയ പ്രേരിതമായി മനുഷ്യത്വരഹിതമായാണ് ജീവനക്കാരെ സ്ഥലംമാറ്റിയതെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് പി ടി തോമസാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
എന്നാല്‍, പി ടി തോമസിന് സ്ഥലജലവിഭ്രമം ബാധിച്ചെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവച്ചു. ഇതോടെയാണ് പിണറായി വിജയന്‍ രോഷാകുലനായത്. പി ടി തോമസിന് സ്ഥലജലവിഭ്രമം ബാധിച്ചെന്ന പരാമര്‍ശം താന്‍ ആവര്‍ത്തിക്കുകയാണെന്ന് പിണറായി പറഞ്ഞു. സ്ഥലജലവിഭ്രമം എന്താണെന്ന് ആദ്യം പഠിക്കണം. എന്നിട്ട് വന്നാല്‍ മതി. വെറുതെ ബഹളം വയ്ക്കാന്‍ മാത്രം പഠിച്ചാല്‍ പോര. ഇവിടെ പറഞ്ഞില്ലേ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്. ആ മര്യാദ അങ്ങോട്ടും വേണം. ആദ്യം മര്യാദ പഠിച്ചിട്ടുവരണം. എന്നിട്ട് സംസാരിക്കാന്‍ ശ്രമിക്കണമെന്നും ശക്തമായ ഭാഷയില്‍ പിണറായി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ കെ ബാലന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് പിണറായി മറുപടി പ്രസംഗം തുടങ്ങിയത്. സ്ഥലംമാറ്റം സ്വാഭാവികമാണെന്നു സൂചിപ്പിക്കുന്ന മറുപടി തന്റേതല്ലെന്നും ഉമ്മന്‍ചാണ്ടിയുടേതാണെന്നും പിണറായി വിശദീകരിച്ചു.
എന്നാല്‍, പി ടി തോമസിനെ വിമര്‍ശിച്ച അതേ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മറുപടി. മുഖ്യമന്ത്രിയുടെയും പി ടി തോമസിന്റെയും പ്രസംഗം കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്ഥലജല വിഭ്രമമെന്ന് ഈ സഭയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയില്‍നിന്നു നമ്മളിത് പ്രതീക്ഷിച്ചിട്ടില്ല. മെംബര്‍മാര്‍ക്ക് പലതും പറയാം. എന്നാല്‍, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിലയില്‍ പെരുമാറണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എ കെ ബാലന് നല്‍കിയ മറുപടി ഉദ്ധരിച്ചതിനും ചെന്നിത്തല വിശദീകരണം നല്‍കി.
അപ്പുറത്താണെങ്കിലും ഇപ്പുറത്താണെങ്കിലും ജീവനക്കാരെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ ഒന്നും നടക്കാന്‍ പോവുന്നില്ലെന്നാണ് അന്ന് എ കെ ബാലന്‍ പറഞ്ഞത്. അത് മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it