malappuram local

മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത തിരൂരങ്ങാടി നിലനിര്‍ത്താന്‍ ലീഗിന് ഇക്കുറി വിയര്‍ക്കേണ്ടിവരും

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയേയും സൃഷ്ടിച്ച തിരൂരങ്ങാടി പിടിക്കാന്‍ മുസ്‌ലിംലീഗിന് ഇത്തവണ വിയര്‍പ്പൊഴുക്കേണ്ടി വരും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കെതിരെ ലീഗ് വിരുദ്ധ കൂട്ടുകെട്ടുകള്‍ മല്‍സരിക്കുന്നുവെന്നതാണ് സംസ്ഥാന രാഷ്ട്രീയം തിരൂരങ്ങാടിയെ ഉറ്റുനോക്കാനിടയാക്കുന്നത്.
പച്ചപുതച്ച തിരൂരങ്ങാടിയില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രിയായ എ കെ ആന്റണിയും ഉപമുഖ്യമന്ത്രിയായ അവുക്കാദര്‍ കുട്ടി നഹയും തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് നഗരസഭയും നാലു പഞ്ചായത്തുകളും അടങ്ങിയതാണ് തിരൂരങ്ങാടി മണ്ഡലം. ഇടത് മുന്നണിയില്‍ സിപിഐയുടേതാണ് തിരൂരങ്ങാടി സീറ്റ്. ഇത്തവണ പൊതുസ്വതന്ത്ര പരീക്ഷണത്തിനാണ് ഇടതുപക്ഷമൊരുങ്ങുന്നത്. വ്യവസായിയും പഴയ കോണ്‍ഗ്രസ് സഹയാത്രികനുമായ നിയാസ് പുളിക്കലകത്താണ് സാധ്യതാ ലിസ്റ്റില്‍ ഒന്നാമത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ശക്തി കേന്ദ്രമായ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷം മുന്നേറ്റം നടത്തിയത് നിയാസ് നയിച്ച ജനകീയ വികസന മുന്നണിയുടെ തോളിലേറിയാണ്.
ലീഗിന്റെ ഉരുക്കു കോട്ടയില്‍ മല്‍സരിച്ച് ചാവേറാവാന്‍ ആളെ കിട്ടാത്തതും പൊതുസ്വതന്ത്രനെ തേടാന്‍ ഇടതു മുന്നണിയെ നിര്‍ബന്ധിതമാക്കി. നിയാസിന്റെ പ്രാദേശിക സ്വാധീനം വോട്ടാക്കി മാറ്റാമെന്നാണ് ഇടതു കണക്കുകൂട്ടല്‍. പരപ്പനങ്ങാടി ഹാര്‍ബറിന് പരപ്പനങ്ങാടിയില്‍ തന്നെ തറക്കല്ലിടാനായതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തീരദേശത്തെ കീറാമുട്ടിയായ പ്രശ്‌നം പരിഹരിക്കാന്‍ ലീഗിനായിട്ടുണ്ട്. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളൊഴികെ നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്ലാരി, എടരിക്കോട് പഞ്ചായത്തുകളില്‍ ലീഗ് തനിച്ചാണ് മല്‍സരിച്ചിരുന്നത്.
ലീഗ് വിരുദ്ധ കോണ്‍ഗ്രസ് വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പൊതു സ്വതന്ത്രനെന്ന ലേബലില്‍ മല്‍സരിച്ചാല്‍ ചെറുകിട പാര്‍ട്ടികളുടേയും പ്രമുഖ മത സംഘടനകളുടേയും പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. നിയാസിനെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിയാസിന്റെ സ്വാധീനം പരപ്പനങ്ങാടിയില്‍ ഒതുങ്ങി നില്‍ക്കുമെന്ന ഭയവും മുന്നണിക്ക്. മൂന്നു തവണ എംഎല്‍എയും ഒരു തവണ വിദ്യാഭ്യാസ മന്ത്രിയുമായ അബ്ദുറബ്ബിന് അവുക്കാദര്‍ കുട്ടി നഹയുടെ മകനാണെന്ന ഖ്യാധിയുമുണ്ട്.
നഹ അഞ്ച് തവണയും സി പി കുഞ്ഞാലിക്കുട്ടിക്കേയി, യു എ ബീരാന്‍, കെ കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ ഒരു തവണയും മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1995ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ കെ ആന്റണി തിരൂരങ്ങാടിയില്‍ നിന്നും മല്‍സരിച്ച് ജയിച്ചാണ് മുഖ്യമന്ത്രി പദവിയിലെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 30208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുറബ്ബ് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐയിലെ അഡ്വ. കെ കെ അബ്ദുസമദായിരുന്നു എതിരാളി. എസ്ഡിപിഐയും ബിജെപിയും പിഡിപിയും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതോടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് ചൂടേറും. ഇരുമുന്നണികളേയും പ്രതിരോധത്തിലാക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിപിഐ ഇതിനകം തുടക്കം കുറിച്ചിട്ടുമുണ്ട്. കണക്കുകള്‍ ലീഗനനുകൂലമാണെങ്കിലുംതിരൂരങ്ങാടിയുടെ മനസ്സ് ഇത്തവണ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എളുപ്പത്തില്‍ വിലയിരുത്താനാവില്ല.
Next Story

RELATED STORIES

Share it