Flash News

മുഖ്യമന്ത്രിമാരില്‍ മൂന്നിലൊന്നും ക്രിമിനല്‍ കേസ് പ്രതികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ മൂന്നിലൊന്നും ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപോര്‍ട്ട്. തിരഞ്ഞെടുപ്പു സമയത്ത് സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു പ്രകാരം രാജ്യത്തെ രണ്ട് അര്‍ധസംസ്ഥാനങ്ങളിലേതടക്കം 32 മുഖ്യമന്ത്രിമാരില്‍ 11 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) കണക്കുകള്‍ പറയുന്നു.
ഇതില്‍ എട്ടു മുഖ്യമന്ത്രിമാര്‍ക്കെതിരേ ഗുരുതര ക്രിമിനല്‍ കുറ്റങ്ങളായ കൊലപാതകം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കേസുകളുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. ഗുരുതരമായ മുന്നു കേസുകള്‍ ഉള്‍പ്പെടെ 22 എണ്ണമാണ് അദ്ദേഹത്തിനെതിരേ നിലവിലുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കേസുകളുടെ എണ്ണത്തില്‍ രണ്ടാമന്‍. ഗുരുതരമായ ഒരു കേസ് ഉള്‍പ്പെടെ 11 കേസുകളാണ് പിണറായി വിജയന്റെ പേരിലുള്ളത്. നാലു ഗുരുതര കേസുകള്‍ ഉള്‍പ്പെടെ 10 കേസുകളില്‍ പ്രതിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെന്നും എഡിആര്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എഡിആര്‍ പുറത്തുവിട്ട സമ്പത്ത് സംബന്ധിച്ച കണക്കുകള്‍ പ്രകാരം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും മുന്നില്‍. 177.48 കോടി ആസ്തിയാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹത്തിനുള്ളത്. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു തുംഗനാണ് സമ്പന്നരില്‍ രണ്ടാമന്‍. 129.57 കോടിയാണ് ഖണ്ഡുവിന്റെ ആസ്തി. 48.31 കോടി ആസ്തിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങാണ് പട്ടികയില്‍ മൂന്നാമത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (15.51 കോടി), മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ (14.50 കോടി) എന്നിവരും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.
എന്നാല്‍, സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. 20 വര്‍ഷമായി മുഖ്യമന്ത്രിസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആകെ ആസ്തി 26 ലക്ഷം രൂപ മാത്രമാണെന്നും സത്യവാങ്മൂല പ്രകാരം വ്യക്തമാക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമാണ് മണിക് സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാര്‍.
പ്രായം കണക്കിലെടുക്കുമ്പോള്‍ 74 വയസ്സുള്ള പഞ്ചാബ് മുഖ്യമന്ത്രി മനീന്ദര്‍ സിങാണ് ഈ സ്ഥാനത്തിരിക്കുന്ന ഏറ്റവും മുതിര്‍ന്ന വ്യക്തി. 72 വയസ്സുകാരനായ പിണറായി വിജയനാണ് രണ്ടാമന്‍. 71കാരനായ മിസോറാം മുഖ്യമന്ത്രി ലാല്‍ തകന്‍വാലയാണ് പട്ടികയിലെ മൂന്നാമന്‍.
അതേസമയം, 35കാരനായ പേമ ഖണ്ഡുവാണ് മുഖ്യമന്ത്രിമാരില്‍ ജൂനിയര്‍. ദേവേന്ദ്ര ഫഡ്‌നാവിസ് 44, യോഗി ആദിത്യനാഥ് 45 എന്നിവരും പ്രായം കുറഞ്ഞവരുടെ പട്ടികയില്‍ പെടുന്നു.
മുഖ്യമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത പ്രകാരം ഡോക്ടറേറ്റ് നേടിയ ഒരാളും അഞ്ച് ബിരുദാനന്തര ബിരുദധാരികളും 10 പ്രൊഫഷനല്‍ ബിരുദധാരികളും 12 ബിരുദധാരികളും മൂന്നു പേര്‍ പത്താം ക്ലാസ് വിജയിച്ചവരുമാണെന്നും എഡിആര്‍ വ്യക്തമാക്കുന്നു. എന്നാല്‍, രാജ്യത്തെ 32 മുഖ്യമന്ത്രിമാരില്‍ മൂന്നു പേര്‍ മാത്രമാണ് വനിതകള്‍.
Next Story

RELATED STORIES

Share it