മുഖ്യമന്ത്രിക്ക് വിലക്ക്; ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് സിപിഎം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊല്ലത്തെ ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എസ്എന്‍ ട്രസ്റ്റ് നടത്തുന്ന കോളജില്‍ സ്ഥാപിക്കുന്ന പ്രതിമ അനാച്ഛാദനച്ചടങ്ങ് ആര്‍എസ്എസ് ചടങ്ങാക്കി മാറ്റാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എടുത്ത തീരുമാനം ശ്രീനാരായണഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ പൂര്‍ണമായി തിരസ്‌കരിക്കുന്ന സമീപനമാണ്.
കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ബിജെപി ചരിത്രപുരുഷന്മാരെ തങ്ങളുടെ ആവശ്യത്തിനു ഉപയോഗിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് അനാച്ഛാദനച്ചടങ്ങുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനം. നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ആര്‍എസ്എസ് ഏറ്റെടുത്തതുപോലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആര്‍ ശങ്കറിനെ ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്ന നടപടി.
ആര്‍ ശങ്കര്‍ ആര്‍എസ്എസ് പ്രതിനിധാനം ചെയ്ത മതമൗലികതയ്‌ക്കെതിരേ ശ്രീനാരായണീയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു. അത്തരമൊരു നേതാവിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതുമര്യാദയനുസരിച്ചും പങ്കെടുക്കാന്‍ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി
Next Story

RELATED STORIES

Share it