മുഖ്യമന്ത്രിക്ക് വധഭീഷണി: പോലിസ് കേസെടുത്തതോടെ ഫേസ്ബുക്ക് ലൈവിലൂടെ മാപ്പിരന്നു

കോതമംഗലം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയയാള്‍ പോലിസ് കേസെടുത്തതോടെ ഫേസ്ബുക്ക് ലൈവിലൂടെ മാപ്പിരന്നു. കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ സ്വദേശി ദേശം നാരകത്തിങ്കല്‍ വീട്ടില്‍ കൃഷ്ണകുമാര്‍ എന്ന കിട്ടനാണ് (48), ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കി കുടുങ്ങിയത്. കുറേനാളായി ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.
കഴിഞ്ഞദിവസം യുവമോര്‍ച്ചാ നേതാവായ ലസിതാ പാലക്കലിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ പരാതിയില്‍ പോലിസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപത്തെ തുടര്‍ന്നാണു കൃഷ്ണകുമാര്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ഇതര മതവിശ്വാസികള്‍ക്കെതിരേ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കമന്റുകളിലൂടെയും അവഹേളനം നടത്തിയിരുന്നു.
സംഭവം വിവാദമായതോടെ ജോലി ചെയ്തിരുന്ന ദുബയിലുള്ള കമ്പനി ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയതിന് എറണാകുളം സെന്‍ട്രല്‍ പോലിസ് കൃഷ്ണകുമാറിനെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എം എം മണിയെയും അവഹേളിച്ചതു തെറ്റായിപ്പോയെന്നും മദ്യലഹരിയിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും ഇതു തെറ്റായി പോയെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് കൃഷ്ണകുമാര്‍ ലൈവില്‍ പറയുന്നത്.
Next Story

RELATED STORIES

Share it