മുഖ്യമന്ത്രിക്ക് വധഭീഷണി: ഗൗരവമായ അന്വേഷണം വേണം- പോപുലര്‍ ഫ്രണ്ട്‌

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തുകയും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടു.
കേസിലെ പ്രതി സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുത്തതിന്റെ ഫോട്ടോ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, പ്രതിയെ മനോരോഗിയായി ചിത്രീകരിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് പോലിസ് നീക്കം. സംഘപരിവാര ബന്ധമുള്ളവര്‍ പിടിയിലായ സമാനമായ നിരവധി കേസുകളില്‍ പോലിസ് ഇതേ സമീപനമാണ് മുമ്പും സ്വീകരിച്ചത്. തിരുവനന്തപുരത്തെ ലെറ്റര്‍ ബോംബ് കേസില്‍ ആദ്യം മുസ്‌ലിം യുവാവിനെ പ്രതിചേര്‍ത്തു. രാകേഷ് ശര്‍മയെന്ന യഥാര്‍ഥ പ്രതിയെ പിടികൂടിയപ്പോള്‍ മനോരോഗിയായി ചിത്രീകരിച്ചുവെങ്കിലും ഇയാള്‍ക്ക് മനോരോഗമില്ലെന്ന് കണ്ടെത്തിയ കോടതി  ശിക്ഷിച്ചിരുന്നു.
സംസ്ഥാന പോലിസിലെ മൃദുഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്. കുറ്റിപ്പുറം പാലത്തിനു സമീപം സ്‌ഫോടകവസ്തുക്കള്‍  കണ്ടെത്തിയ സംഭവത്തിലടക്കം അന്വേഷണം ഇഴയുന്നു. തീവ്ര ഹിന്ദുത്വപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവ. ജാഗ്രതയോടെ കാണേണ്ട ആഭ്യന്തര വകുപ്പിന്റെ നിസ്സംഗത അപകടകരമാണെന്ന്  അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it