മുഖ്യമന്ത്രിക്ക് വധഭീഷണി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫോണിലൂടെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പഴയങ്ങാടി ചെറുതാഴത്തു താമസിക്കുന്ന കടന്നപ്പള്ളി ശ്രീസ്തയിലെ വിജേഷ് കുമാറി (30) നെയാണ് കണ്ണൂര്‍ ടൗണ്‍ സിഐ ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ പറഞ്ഞു. ഇയാള്‍ക്കു വര്‍ഷങ്ങളായി നാടുമായി യാതൊരു ബന്ധവുമില്ലെന്നും ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നുമാണു പോലിസ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെയാണു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനു വധഭീഷണിയുള്ള സന്ദേശവുമായി ഫോണ്‍ വന്നത്. ഒരു ദിവസത്തിനകം മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി. സന്ദേശമെത്തുമ്പോള്‍ മുഖ്യമന്ത്രി ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫിസിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍, പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും സന്ദേശം കൈമാറി. രഹസ്യാന്വേഷണ വിഭാഗം ഉടന്‍ തമിഴ്‌നാട് ക്യൂബ്രാഞ്ചുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വിളി  കണ്ണൂര്‍ ജില്ലയില്‍ നിന്നാണെന്നു മനസ്സിലായത്.
പോലിസ് സിം കാര്‍ഡ് ഉടമയായ യുവതിയെ കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നഷ്ടപ്പെട്ടു പോയ സിം കാര്‍ഡാണെന്നു വിവരം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയതിനു വിജേഷ് കുമാറിനെതിരേ നേരത്തെ പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനിലും കേസ് നിലവിലുണ്ട്. 2016 സപ്തംബര്‍ 18നു സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് വിളിച്ച് ഏരിയാ സെക്രട്ടറി, ഓഫിസ് സെക്രട്ടറി എന്നിവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it