മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കെഎസ്ആ ര്‍ടിസി ജീവനക്കാര്‍ക്കു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം രൂക്ഷമാവുന്നു. ഇതേത്തുടര്‍ന്നു കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ നേതാക്കള്‍ അടിയന്തര ഇടപെടല്‍ ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
സര്‍വീസ് പോവുന്ന ഡ്രൈവര്‍/കണ്ടക്ടര്‍ വിഭാഗം ജീവനക്കാരാണ് ആക്രമണത്തിന് ഇരയാവുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു മാസത്തിനിടെ 217 ആക്രമണങ്ങള്‍ ജീവനക്കാര്‍ക്കു നേരെയുണ്ടായി. റിപോര്‍ട്ട് ചെയ്യാതെപോയ അതിക്രമങ്ങള്‍ വേറെയുമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍, മിക്കകേസുകളും രാഷ്ട്രീയക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കി പുറത്ത് ഒത്തുതീര്‍പ്പാക്കുകയാണെന്നു ആക്ഷേപമുണ്ട്. തൃശൂരില്‍ വനിതാ കണ്ടക്ടറെ ആക്രമിച്ച കേസില്‍ കെഎസ്ആര്‍ടിസി 15,000 രൂപ വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കി. വിഴിഞ്ഞത്തും കാട്ടക്കടയിലും കൊല്ലത്തും ഡ്രൈവറെ ആക്രമിച്ച കേസില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇന്നലെ മൈസൂരില്‍ ജീവനക്കാരെ ആക്രമിച്ചത് കര്‍ണാടക ആര്‍ടിസിയിലെ ജീവനക്കാരാണ്. ഇക്കാര്യത്തിലൊന്നും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറാവുന്നില്ലന്ന് എഐടിയുസി ആരോപിച്ചു.
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ട്രാഫിക് പോലിസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ വളരെ മോശമായാണ് പോലിസുകാര്‍ പെരുമാറുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരേ പ്രതികരിച്ചാല്‍ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തുന്നതാ യും ആക്ഷേപമുണ്ട്. ചെറിയ വാഹനം ഓടിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കാനോ മദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കാനോ ഉേദ്യാഗസ്ഥര്‍ തയ്യാറാവുന്നില്ല. പരാതിയുമായി എത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ഉത്തരവുകള്‍ അനുസരിക്കാന്‍ പോലിസ് അധികാരികള്‍ തയ്യാറാവുന്നില്ല. കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ ജോലി ചെയ്യുന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കത്തിന്റെ പകര്‍പ്പ് സിഎംഡിക്കും നല്‍കിയിട്ടുണ്ട്. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുലാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it