മുഖ്യമന്ത്രിക്ക് ജന്മനാട്ടില്‍ വരവേല്‍പ്പ്

തലശ്ശേരി: മുഖ്യമന്ത്രിപദമേറ്റെടുത്ത ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നാട്ടുകാരും ഉജ്ജ്വല വരവേല്‍പ് നല്‍കി. തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ ഇന്നലെ രാവിലെ 7.50ഓടെ ഭാര്യ കമലയോടൊപ്പമാണ് പിണറായി വിജയന്‍ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിയെ ഹാരവും ഷാളുമണിയിച്ചു. ചുവപ്പ് വോളണ്ടിയര്‍മാരും ബാന്റ് മേളവും, മുദ്രാവാക്യം വിളിയുമായാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍, കെ കെ രാഗേഷ് എംപി, അഡ്വ.എ എന്‍ ഷംസീര്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെ കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എം സുരേന്ദ്രന്‍, എം സി പവിത്രന്‍, പ്രദീപന്‍ പുതുകുട്ടി, കെ വിനയരാജ്, വല്‍സന്‍ പനോളി, എം സുരേഷ്, ജ്ഞാനോദയം പ്രസിഡന്റ് കെ പി രത്‌നാകരന്‍, ബി ബാലന്‍ തുടങ്ങി നിരവധി നേതാക്കള്‍ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. വിശ്രമത്തിന് ശേഷം വീട്ടിലേക്കു പോയ മുഖ്യമന്ത്രി ചേരിക്കലിലെ രക്തസാക്ഷി രവീന്ദ്രന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട ബാങ്ക് ജീവനക്കാരി വില്‍ന വിനോദിന്റെ മേലൂരിലെ വീട്ടിലും കലാമന്ദിരത്തിന് സമീപം മരിച്ച പാറപ്രം സ്വദേശി മുകുന്ദന്റെ വീടും സന്ദര്‍ശിച്ചു അനുശോചനം രേഖപ്പെടുത്തി.
ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പിണറായിയെ അനുഗമിച്ചു. നേരത്തെ തന്നെ മോശം പട്ടങ്ങളെല്ലാം ചാര്‍ത്തിക്കിട്ടിയയാളാണ് താനെന്ന് സ്വീകരണ യോഗത്തില്‍ മറുപടി പ്രസംഗം നടത്തവെ പിണറായി പറഞ്ഞു. എന്നാല്‍, ജനങ്ങള്‍ക്ക് നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കഴിയുമെന്നതിന്റെ തെളിവാണ് എല്‍ഡിഎഫ് വിജയമെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it