Flash News

മുഖ്യമന്ത്രിക്കെതിരേ ഹൈബി ഈഡന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി



കൊച്ചി: സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള എറണാകുളം ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നിയാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ അവകാശ ലംഘത്തിന് നോട്ടീസ് നല്‍കി.യുഡിഎഫിന്റെ തീരുമാന പ്രകാരമാണ് ഹൈബി ഈഡന്‍ എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ എംഎല്‍എമാരെ ഒഴിവാക്കിയത് മനപ്പൂര്‍വവും ദുരുദ്ദേശ്യപരവുമാണെന്ന് അവകാശ ലംഘന നോട്ടീസില്‍ ആരോപിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആരംഭം കുറിച്ചതും 90 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതുമായ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഈ മാസം നടക്കുന്നത്. മെട്രോ റെയില്‍ പാത കടന്നു പോവുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളായ എംഎല്‍എമാരെ ഇതുവരെയുള്ള മെട്രോയുടെ എല്ലാ ചടങ്ങുകളിലും ക്ഷണിക്കുകയും അതില്‍ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ജൂണ്‍ മൂന്നിന് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കി സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയെ തന്റെ യാത്രയില്‍ കൂട്ടിയതിലൂടെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയായി മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്.സംസ്ഥാനത്ത് കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന ഏറ്റവും ബൃഹത്തായ പദ്ധതിയുടെ  ഉദ്ഘാടനത്തിനു മുന്നോടിയായുള്ള യാത്രയില്‍ എംഎല്‍എമാരെ ഒഴിവാക്കിയത് ദുരുദ്ദേശ്യപരമാണ്. ഈ പദ്ധതി നടപ്പാക്കിയതില്‍ എംഎല്‍എമാര്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് വരുത്തി തീര്‍ക്കാനും പൊതുജന മധ്യത്തില്‍ അവരെ അവഹേളിക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും നോട്ടീസില്‍ ആരോപിക്കുന്നു. പൊതുസമ്പത്ത് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പരിപാടികളില്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന 2012ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനം കൂടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. 17ന് നടക്കുന്ന മെട്രോ ഉദ്ഘാടന സര്‍വീസിന്റെ മുന്നോടിയായി കഴിഞ്ഞ ശനിയാഴചയാണ് മുഖ്യമന്ത്രി പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോ യാത്ര നടത്തിയത്. എറണാകുളത്തെയും ആലുവയിലെയും ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കി സിപിഎം പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ആലുവ സ്റ്റേഷനില്‍ മെട്രോയുടെ സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനവും കെഎംആര്‍എല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം കാരണം ഉദ്ഘാടനം നടത്താതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it