Kollam Local

മുഖത്തല സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മരണം: അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

കൊല്ലം: മുഖത്തല എംജിടിഎച്ച്എസില്‍ വരാന്തയുടെ തൂണ്‍ തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍. കെട്ടിടത്തിന്റെ ബലക്ഷയവും കാലപ്പഴക്കവുമാണ് ദുരന്തത്തിന് കാരണം. മധ്യവേനലവധിക്ക് രണ്ടുമാസം ഉണ്ടായിരുന്നിട്ടും കെട്ടിടങ്ങളില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനകളും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

1968-ല്‍ സ്ഥാപിച്ച ഈ സ്‌കൂളിന്റെ അപകടമുണ്ടായ സ്ഥലത്തെ ഓടിട്ട കെട്ടിടത്തിനും വരാന്തകള്‍ക്കും ഇത്രത്തോളം തന്നെ കാലപ്പഴക്കവുമുണ്ടെന്ന് നാട്ടുകാരും പറയുന്നു.
ഈ കെട്ടിടത്തില്‍ ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നില്ല. വരാന്തയുടെ അറ്റത്ത് സ്റ്റാഫ് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനടുത്ത കെട്ടിടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. സര്‍വകലാശാലയുടെ യുഐടി സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടെയുണ്ടായിരുന്ന കൂട്ടികള്‍ ഓടിമാറിയത് കാരണമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാഞ്ഞത്. വരാന്തയുടെ തൂണ് മൂന്ന് കഷണങ്ങളായി മുറിഞ്ഞ് നിലം പതിക്കുകയായിരുന്നു. തൂണിനോട് ചേര്‍ന്നുള്ള ഭാഗത്ത് ആഴ്ചകളായി വെള്ളം കെട്ടിനില്‍ക്കുകയായിരുന്നു.
വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമമൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വെള്ളക്കെട്ട് കാരണം തൂണിന്റെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചുവെന്നാണ് കരുതുന്നത്. അടിത്തറ ഇളകി ഇരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഓടിട്ട കെട്ടിടമാണ് സ്‌കൂളിന്റേത്. സംഭവ ദിവസം ഉച്ചയോടെ ചാറ്റല്‍ മഴയും ഉണ്ടായി. നേരത്തേ 1500 കുട്ടികള്‍ വരെ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. ഇപ്പോള്‍ എട്ടുമുതല്‍ പത്തവരെ സ്റ്റാന്‍ഡാര്‍ഡുകളിലായി 11 ഡിവിഷനുകളില്‍ 500- ല്‍ താഴെ കുട്ടികളേ ഇവിടെയുള്ളൂ. സ്‌കൂളിന്റെ അവകാശം സംബന്ധിച്ചുള്ള തര്‍ക്കം കോടതി വരെ എത്തുകയുണ്ടായി.
അതിനുശേഷം വര്‍ഷങ്ങളോളം സ്‌കൂള്‍ റിസീവര്‍ ഭരണത്തിലായിരുന്നു. മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് സ്‌കൂളെന്നാണ് പൂര്‍ണപേര്. സിപിഐ- കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഭരണസമിതിയാണ് ഇപ്പോഴത്തേത്. സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്തിലാണ്. ഇവിടെ എല്‍ഡിഎഫാണ് ഭരിക്കുന്നത്. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയിട്ടില്ലെന്നാണ് സൂചനകള്‍. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യത്യസ്ഥമായ അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ അല്‍പ്പം കൂടി മനസുവച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നാണ് നാട്ടുകാരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്. യുപി പഠനം പൂര്‍ത്തിയാക്കി ഹൈസ്‌കൂള്‍ പഠനത്തിനായി ഈ സ്‌കൂളിന്റെ പടികയറിയ നിഷാന്തിനെ മരണം കവര്‍ന്നത് എല്ലാവരുടെയും കരളലയിപ്പിച്ച സംഭവമായി.
Next Story

RELATED STORIES

Share it